ആഷിഖ് അബുവിന്റെ സംവിധാന സഹായി ആയി ആരംഭിച്ച് അദ്ദേഹം നിര്‍മിച്ച സിനിമയിലൂടെ തന്നെയാണ് ദിലീഷ് പോത്തന്‍ സംവിധാനത്തിലേക്ക് കടന്നുവന്നത്. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ആഷിഖ് അബു ചിത്രത്തിലൂടെയായിരുന്നു ദീലീഷ് പോത്തന്റെ അഭിനയത്തിന്റെ തുടക്കവും. ഇപ്പോള്‍ റൈഫിള്‍ ക്ലബ് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ സെക്രട്ടറി അവറാനെ അവതരിപ്പിച്ച് ആഷിഖ് അബു ചിത്രത്തിലെ നായകന്‍ കൂടിയായിരിക്കുകയാണ് ദിലീഷ് പോത്തന്‍.
ആഷിഖ് അബുവുമായി വര്‍ഷങ്ങളായി തുടരുന്ന ഈ സിനിമാബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍ ഇപ്പോള്‍. റിപ്പോര്‍ട്ടര്‍ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിനിമയിലെ ഈ സ്‌പേസുകളെല്ലാം ആഷിക്കേട്ടന്‍ എനിക്ക് നല്‍കിയതാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ എന്നെ ആദ്യമായി അഭിനയിക്കാന്‍ വിളിക്കുന്നു. അസിസ്റ്റന്റ് ഡയറക്ടറാക്കുന്നു. എന്റെ ആദ്യ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നു. ഇപ്പോള്‍ ഈ ചിത്രത്തില്‍ എന്നെ ഒരു മേജര്‍ റോളിലേക്ക് വിളിക്കുന്നു.
ഇതെല്ലാം ആഷിക്കേട്ടന്‍ എനിക്ക് നല്‍കിയ ഓഫറുകളാണ്. എന്തുകൊണ്ട് അങ്ങനെ അവസരങ്ങള്‍ തന്നു എന്ന് ആഷിക്കേട്ടനോട് തന്നെ ചോദിക്കണം. എന്തായാലും ആ ഓഫറുകളൊക്കെ എനിക്ക് ഗുണമായിരുന്നു.' ദിലീഷ് പോത്തന്‍ പറഞ്ഞു.
അതേസമയം തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് റൈഫിള്‍ ക്ലബ് നേടുന്നത്. സംവിധാന മികവും മേക്കിങ്ങുമെല്ലാം ഒന്നിനൊന്ന് മികച്ചതായാണ് അഭിപ്രായം. ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് ചിത്രത്തില്‍ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
തികച്ചും ഒരു റെട്രോ സ്‌റ്റൈല്‍ സിനിമയായാണ് റൈഫിള്‍ ക്ലബ് എത്തുന്നത്. തോക്ക് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനായി വിനീത്കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ദിലീഷ് പോത്തന്റെ അടുത്തെത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്‌കരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
Content Highlights: Dileesh Pothan about Ashiq Abu and Rifle Club