ക്രിസ്തുമസ് റിലീസായി സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി -എക്‌സ്ട്രാ ഡീസൻ്റ്
ഇന്ന് തിയേറ്ററുകളിലേക്കെത്തുമ്പോൾ ഒടിടിയിലും രണ്ട് സുരാജ് ചിത്രങ്ങൾ സട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമ്മൂട് പ്രധാന കഥാപാത്രമായി വരുന്ന മുറയും, സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ മദനോത്സവവുമാണ് പ്രേഷക പിന്തുണ തേടി ഒടിടിയിലേക്ക് എത്തുന്നത്.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത മദനോത്സവം കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ തിയേറ്ററിലും വിജയം കൈവരിച്ചിരുന്നു. എന്നാൽ റിലീസ് ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും സിനിമ ഒടിടിയിലേക്ക് എത്തിയിരുന്നില്ല. ഇപ്പോള്‍ ആമസോൺ പ്രൈമിലാണ് മദനോത്സവം സട്രീമിങ് ആരംഭിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന സിനിമ ആയതിനാൽ ഒടിടിയിലും മദനോത്സവത്തിന് വലിയ വരവേൽപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത മറ്റൊരു സുരാജ് ചിത്രമായ മുറ മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ അൻപത് ദിവസം കടന്നിരിക്കുന്ന വേളയിലാണ് ഒടിടിയിലും എത്തിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുറയുടെ രചന നിർവഹിച്ചത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.
ക്യാൻ ഫിലിം ഫെസ്റ്റിവലിലെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലും തമിഴ് ഹിന്ദി ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച യുവ താരം ഹൃദു ഹാറൂണിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് മുറ. ചിത്രത്തിലെ ഹൃദു ഹാറൂണിന്റെ കഥാപത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. ആമസോണ് പ്രൈം തന്നെയാണ് മുറയുടെയും സട്രീമിങ് പാർട്ടണർ.
അതേസമയം, സുരാജിൻ്റെ ക്രിസ്തുമസ് റിലീസായ ഇ ഡി -എക്‌സ്ട്രാ ഡീസൻ്റ് ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. സുരാജ് , ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത്,അലക്സാണ്ടര്‍, ഷാജു ശ്രീധര്‍,സജിന്‍ ചെറുകയില്‍,വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. പ്രമുഖ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ഇ ഡി -എക്‌സ്ട്രാ ഡീസന്റിന്റെ നിര്‍മ്മാണം. സുരാജ് വെഞ്ഞാറമൂട് നിര്‍മ്മാണ് പങ്കാളിയാകുന്ന ആദ്യ ചിത്രം കൂടിയാണിത്.
Content highlight- 'Suraj's blast' in theater and OTT, two films released today on OTT with extra Decent