'ആരാധകവൃന്ദത്തെ പത്തിരട്ടിയും നൂറിരട്ടിയുമാക്കി ഉണ്ണി മുകുന്ദൻ'; പ്രശംസിച്ച് പദ്മകുമാർ

'പൃഥ്വിരാജും ജോജു ജോർജുമൊക്കെ ചേർന്ന ആ ഗണത്തിലാണ് ഉണ്ണി മുകുന്ദനും'

dot image

ഉണ്ണി മുകുന്ദനെയും മാർക്കോ എന്ന സിനിമയുടെ മറ്റ് അണിയറപ്രവർത്തകരെയും പ്രശംസിച്ച് സംവിധായകൻ എം പദ്മകുമാർ. കഠിനമായ പ്രയത്നങ്ങളിലൂടെ ഉയരങ്ങൾ കീഴടക്കുന്ന അഭിനേതാക്കളുടെ ഗണത്തിലേക്ക് ഉണ്ണി മുകുന്ദനും എത്തിയിരിക്കുകയാണ്. മാർക്കോ എന്ന സിനിമയിലൂടെ സ്വന്തം ആരാധകവൃന്ദത്തിന്റെ എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി ഉണ്ണി മുകുന്ദൻ കുതിച്ചുകയറുകയാണ്. കീഴടക്കാനുള്ള ഉയരങ്ങൾ ഉണ്ണി മുകുന്ദൻ എന്ന നടന് മുന്നിൽ തല കുനിക്കട്ടെയെന്നും പദ്മകുമാർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'അത്യുത്സാഹികളും കഠിനാദ്ധ്വാനികളുമായവർ ഉയരങ്ങളിലേക്കുള്ള പടവുകൾ കയറിപ്പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഏതെങ്കിലും വിധത്തിൽ നമ്മളോടടുത്തു നിൽക്കുന്ന അല്ലെങ്കിൽ നമുക്ക് പ്രിയപ്പെട്ട ആരെങ്കിലുമാണെങ്കിൽ പ്രത്യേകിച്ചും. പൃഥ്വിരാജും ജോജു ജോർജുമൊക്കെ ചേർന്ന ആ ഗണത്തിലാണ് ഉണ്ണി മുകുന്ദനും,'

'ഉണ്ണിയെ ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതും ബാബു ജനാർദ്ദനൻ എഴുതി സംവിധാനം ചെയ്ത 'ബോംബെ മാർച്ച് 12'ന്റെ ലൊക്കേഷനിലാണ്. കാണാൻ കൗതുകമുള്ള, ഭംഗിയായി ചിരിക്കുന്ന, ജോലിയിൽ അർപ്പണബോധമുള്ള ആ ചെറുപ്പക്കാരൻ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഭാഗമായി. 'മല്ലുസിങ്ങി'ലൂടെ ഉണ്ണിയുടെ മറ്റൊരു ഭാവം നമ്മൾ കണ്ടു. പിന്നെയും ഒരുപാടു സിനിമകൾക്കു ശേഷം 'മാളികപ്പുറം' എന്ന സൂപ്പർഹിറ്റ് സിനിമ ഉണ്ണിയെ കരിയറിന്റെ ഉയരങ്ങളിൽ എത്തിച്ചു. ഇപ്പോൾ ഇതാ ഉണ്ണി മുകുന്ദൻ എന്ന നടൻ 'വേറെ ലെവൽ' എന്നു പറയാവുന്ന ഒരു ശ്രേണിയിലേക്ക് എത്തിച്ചേരുന്നു,'

'മാർക്കോ എന്ന മാസ് ചിത്രത്തിലൂടെ. സ്വന്തം ആരാധകവൃന്ദത്തിന്റെ എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി 'മാർക്കോ' എന്ന നായകൻ കുതിച്ചുകയറുന്നു. നിറഞ്ഞു കവിഞ്ഞ തിയറ്ററിൽ അതിനു സാക്ഷിയാകാൻ കഴിഞ്ഞതിന്റെ അതിരില്ലാത്ത ആഹ്ലാദം ഞാനിവിടെ പങ്കു വയ്ക്കുന്നു. പരാജയങ്ങൾ പഴങ്കഥകൾ മാത്രമാവട്ടെ… കീഴടക്കാനുള്ള ഉയരങ്ങളത്രയും ഉണ്ണി മുകുന്ദൻ എന്ന ആത്മസമർപ്പണമുള്ള അഭിനേതാവിനു മുന്നിൽ തലകുനിക്കട്ടെ!,' എന്ന് എം പദ്മകുമാർ കുറിച്ചു.

Content Highlights: M Padmakumar praises Unni Mukundan and Marco movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us