സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി പീരീഡ് ഴോണറിൽ കുട്ടികളെ ലക്‌ഷ്യം വെച്ചാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. സിനിമയുടെ അഡ്വാൻസ് റിസർവേഷൻസിനെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.
നാളെ രാവിലെ 10 മണി മുതൽ സിനിമയുടെ ബുക്കിംഗ് ആരംഭിക്കുമെന്നാണ് നിർമാതാക്കളായ ആശിർവാദ് സിനിമാസ് പുറത്തുവിടുന്ന വിവരം. വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയായതിനാൽ അഡ്വാൻസ് ബുക്കിങ്ങിൽ തന്നെ സിനിമക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ക്രിസ്തുമസ് സമയമായതിനാൽ ഫാമിലി പ്രേക്ഷകർ തന്നെയാണ് സിനിമയുടെ ലക്ഷ്യം. 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയുടെ പട്ടികയിൽ ബറോസിന് മുന്നിലെത്താൻ സാധിക്കുമോയെന്ന് കാത്തിരുന്നു കാണേണ്ടിവരും.
നിലവിൽ മമ്മൂട്ടി ചിത്രമായ ടർബോയാണ് ആദ്യ ദിന കളക്ഷനിൽ ഒന്നാം സ്ഥാനത്ത്. 6.15 ആണ് ടർബോയുടെ കളക്ഷൻ. മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ രണ്ടാം സ്ഥാനത്തുണ്ട്. 5.85 ആണ് വാലിബന്റെ നേട്ടം. ഈ രണ്ടു സിനിമകളെയും ബറോസിന് മറികടക്കാനാകുമോ എന്നാണ് എല്ലാവരും പ്രതീക്ഷകളോടെ ഉറ്റുനോക്കുന്നത്. സിനിമയുടെ സെൻസറിങ് പൂർത്തിയായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ലഭിച്ചതായി ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു മണിക്കൂർ 34 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം എന്നാണ് സൂചന.
മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയുടെ ട്രെയിലറിന് ലഭിച്ചത്. സിനിമയുടെ വിര്‍ച്വല്‍ ത്രീഡി ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlights: Mohanlal film Barroz advance booking starts from tomorrow