2000ത്തിൽ ആ കോൾ വന്നില്ലായിരുന്നെങ്കിൽ ഈ ഞാൻ ഉണ്ടാകില്ലായിരുന്നു;സ്‌റ്റേജിൽ വികാരാധീനനായി സൂര്യ

കാഖ കാഖ, ഗജിനി തുടങ്ങിയ ചിത്രങ്ങളെല്ലാം തനിക്ക് ലഭിക്കാന്‍ കാരണമായ ചിത്രത്തെയും സംവിധായകനെയും കുറിച്ച് സംസാരിക്കുകയായിരുന്നു സൂര്യ

dot image

തന്റെ സിനിമാജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് വഴിവെച്ച സംവിധായകന്‍ ബാലയെ കുറിച്ച് വാചാലനായി നടന്‍ സൂര്യ. സിനിമയിലെ ബാലയുടെ 25ാം വര്‍ഷവും വാനഗന്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടന്ന വേദിയില്‍ വെച്ചായിരുന്നു സൂര്യ സംസാരിച്ചത്.

ഗജിനിയും കാഖ കാഖയുമെല്ലാം തന്നിലേക്ക് എത്താന്‍ കാരണമായത് ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലെ നായകവേഷമാണെന്ന് സൂര്യ പറഞ്ഞു. നന്ദ ഇല്ലായിരുന്നെങ്കില്‍ ഇന്ന് കാണുന്ന സിനിമാകരിയറോ ഇത്തരത്തിലൊരു ജീവിതമോ തനിക്ക് ഉണ്ടാകില്ലായിരുന്നുവെന്നും നടന്‍ പറഞ്ഞു.

'സേതു (ബാല സംവിധാനം ചെയ്ത ആദ്യ ചിത്രം) വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നെ ഏറെ സ്വാധീനിക്കുകയും ചെയ്ത ചിത്രമാണ്. അങ്ങനെയൊരു സംവിധായകനാണ് തന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്. എങ്ങനെയാണ് അദ്ദേഹം എന്നെ വിശ്വസിച്ചതെന്ന് ഇപ്പോഴും മനസിലാക്കാനായിട്ടില്ല. എന്നെ ഞാന്‍ മനസിലാക്കുന്നതിനും മുന്‍പേ മനസിലാക്കിയ സംവിധായകനാണ് അദ്ദേഹം.

അടുത്ത സിനിമ എന്നെ വെച്ച് ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞതോടെ ജീവിതം തന്നെ മാറി. 2000ത്തില്‍ അങ്ങനെയൊരു കോള്‍ വന്നില്ലായിരുന്നെങ്കില്‍ എനിക്ക് ഈ സിനിമായാത്ര സാധ്യമാകില്ലായിരുന്നു, ഈ സ്ഥാനവും ഈ അംഗീകാരങ്ങളും ഒന്നും ലഭിക്കില്ലായിരുന്നു.

നന്ദ കണ്ടിട്ടാണ് അന്‍പുശെല്‍വനെ ഗൗതം എനിക്ക് നല്‍കുന്നത്. കാഖ കാഖ കണ്ടാണ് മുരുഗദോസ് സാര്‍ സഞ്ജയ് രാമസ്വാമിയെ തരുന്നത്. പിന്നീട് ഓരോ സിനിമകളായി വന്നു. എന്നാല്‍ എല്ലാത്തിനും തുടക്കം നന്ദ ആയിരുന്നു. ഞാന്‍ നിന്നെ നന്ദയാക്കാം, നിന്നെ ആളുകള്‍ ബഹുമാനിക്കുന്ന നിലയിലാക്കാം എന്ന് പറഞ്ഞ് വിളിച്ചത് ബാല അണ്ണനാണ്. ഈ സിനിമായാത്രയും ജീവിതവും സമ്മാനിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,' സൂര്യ പറഞ്ഞു.

നന്ദ സിനിമയിലെ ഷൂട്ടിങ് അനുഭവങ്ങളെയും പ്രിയപ്പെട്ട സീനുകളെയും കുറിച്ചെല്ലാം സൂര്യ പ്രസംഗത്തിനിടെ സംസാരിച്ചു. ബാല തന്നെ സംവിധാനം ചെയ്ത പിതാമഹനിലെ അനുഭവങ്ങളും നടന്‍ ഓര്‍ത്തെടുത്തു. ബാലയുടെ പുതിയ ചിത്രമായ വാനഗന്‍ ഒരു മികച്ച സിനിമായായിരിക്കുമെന്നും ആശംസകള്‍ നേര്‍ന്നുകൊണ്ട് സൂര്യ പറഞ്ഞു.

Content Highlights : Suriya gets emotional while speaking about director Bala and his movies

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us