വയലന്‍സ് സിനിമകള്‍ക്കുള്ള ഒരു ബെഞ്ച് മാര്‍ക്കായിരിക്കും മാര്‍ക്കോ എന്ന് ഉണ്ണി മുകുന്ദന്‍. ഇനിയൊരു ആക്ഷന്‍ സിനിമ ചെയ്യുമ്പോള്‍ അത് മാര്‍ക്കോയ്ക്കും മുകളില്‍ നില്‍ക്കണമെന്ന് ആലോചിച്ചു പോകുമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. വിഷു റിലീസായെത്തിയ ജയ് ഗണേഷ് എന്ന ചിത്രത്തെ കുറിച്ചും ബോക്‌സ് ഓഫീസില്‍ നേരിട്ട പരാജയത്തെ കുറിച്ച് സംസാരിച്ച ഉണ്ണി മുകുന്ദന്‍ ക്രിസ്മസില്‍ വിജയം തനിക്കൊപ്പമാണെന്നും അഭിപ്രായപ്പെട്ടു. മാര്‍ക്കോ സിനിമ കാണാന്‍ തിയേറ്ററിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു നടന്റെ പ്രതികരണം.
'വിഷുവിനായിരുന്നു ജയ് ഗണേഷ്. അതിലെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച രഹാന്‍ അടക്കമുള്ള ബാലതാരങ്ങള്‍ ഇതിലുണ്ട്. വിഷു കൈയ്യീന്ന് പോയിരുന്നു. പക്ഷെ ക്രിസ്മസ് എനിക്ക് തന്നെ,' ചിരിച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ജയ് ഗണേഷില്‍ വലിയ ഹിറ്റൊന്നും കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചിത്രത്തിന്റെ ഭാഗമായ പലരും മാര്‍ക്കോയിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. ജയ് ഗണേഷിന്റെ ക്യാമറ പേഴ്‌സണായിരുന്ന ചന്ദ്രു സെല്‍വരാജ് ഏറെ കഴിവുള്ളയാളാണെന്നും അങ്ങനെയാണ് മാര്‍ക്കോയിലേക്കും അദ്ദേഹത്തെ വിളിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ജനുവരി 20നാണ് മാര്‍ക്കോ തിയേറ്ററുകളിലെത്തിയത്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ദി മോസ്റ്റ് വയലന്റ് ഫിലിം എന്ന ടാഗ് ലൈനുമായി ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ 'മോസ്റ്റ് വയലന്റ്' സിനിമയാണ് മാര്‍ക്കോ എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ഗംഭീര ആക്ഷന്‍ രംഗങ്ങളും ഉണ്ണി മുകുന്ദന്റെ മിന്നുന്ന പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റായി പലരും പറയുന്നത്. ഹോളിവുഡ് ചിത്രം ജോണ്‍ വിക്കുമായി പലരും മാര്‍ക്കോയെ താരതമ്യം ചെയ്യുന്നുണ്ട്. 'ജോണ്‍ വിക്കിന്റെ അപ്പനായിട്ടു വരും' എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മാര്‍ക്കോയിലെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായാണ് ലഭിക്കുന്നത്. 'കെജിഎഫ്', 'സലാര്‍' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ് മാര്‍ക്കോ യ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 25 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം.
ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍ സിങ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മാണ സംരംഭമാണ്.
Content Highlights: Unni Mukundan about Marco's success and Jai Ganesh's failure at box office