ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ജനുവരി 20ന് തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ മേക്കിങ്ങിനും ഉണ്ണി മുകുന്ദന്റെ ആക്ഷനും പ്രധാനമായും കയ്യടികള്‍ ഉയരുന്നത്.
മാര്‍ക്കോയിലെ ആക്ഷന്‍ സീനുകളെ കുറിച്ചും സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഉണ്ണി മുകുന്ദന്‍ സംസാരിച്ചിരുന്നു. കോറിഡോര്‍ ഫൈറ്റാണ് ചിത്രത്തിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആക്ഷന്‍ സീക്വന്‍സെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. തിയേറ്റര്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്.
മാര്‍ക്കോയ്ക്കായി ഏകദേശം 30 കോടിയോളം ചിലവായിട്ടുണ്ടെന്ന് പറഞ്ഞ ഉണ്ണി മുകുന്ദന്‍, അന്യ ഭാഷകളിലെ വമ്പന്‍ സിനിമകളെ സ്വീകരിക്കുന്ന കേരളത്തിലെ യുവജനങ്ങളാണ് ഈ ബജറ്റ് ചിലവാക്കാന്‍ തങ്ങള്‍ക്ക് ധൈര്യം നല്‍കിയതെന്നും പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം തീര്‍ച്ചയായും ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചു.
'രണ്ടാം ഭാഗത്തിന് കുറച്ച് സമയമെടുക്കും. എന്റെ മറ്റു ചില സിനിമകളുണ്ട്. ഷെരീഫിനും പല പ്രോജക്ടുകളും വന്നിട്ടുണ്ട്. ഹനീഫ് മാര്‍ക്കോ 2 വിന് നല്ലൊരു സ്റ്റോറിലൈന്‍ സെറ്റാക്കി കഴിഞ്ഞാല്‍ നമ്മള്‍ അതും ചെയ്യും. ഏകദേശം ഒരെണ്ണം സെറ്റാക്കിയിട്ടുണ്ട്. അത് നിങ്ങള്‍ ഈ സിനിമയുടെ അവസാനം കണ്ടല്ലോ,' ഉണ്ണി മുകുന്ദന്‍ പറഞ്ഞു. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിക്കൊണ്ടാണ് മാര്‍ക്കോ അവസാനിക്കുന്നത്.
ഗംഭീര ആക്ഷന്‍ രംഗങ്ങളും ഉണ്ണി മുകുന്ദന്റെ മിന്നുന്ന പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റായി പലരും പറയുന്നത്. മാര്‍ക്കോയിലെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 'കെജിഎഫ്', 'സലാര്‍' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ് മാര്‍ക്കോയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 25 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം.
ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍ സിങ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ആദ്യ നിര്‍മാണ സംരംഭമാണ്.
Content Highlights: Unni Mukundan about favourite fight scene in Marco and Marco 2