ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ കഥ പറയുന്ന സിനിമയിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും ഒരു ശക്തമായ വേഷത്തിലെത്തിയിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രമായാണ് അദ്ദേഹം സിനിമയിലെത്തിയത്. എന്നാൽ ഇത് ആദ്യമായല്ല അനുരാഗ് കശ്യപിന് മലയാളത്തിൽ നിന്ന് ക്ഷണം ലഭിക്കുന്നത്. മുമ്പ് രണ്ടു തവണ മലയാളത്തിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് അനുരാഗ് കശ്യപ് തന്നെ വ്യക്തമാക്കി. ദി ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തുറമുഖം എന്ന സിനിമയിൽ നിവിൻ പോളിയുടെ പിതാവിന്റെ വേഷം അവതരിപ്പിക്കാൻ രാജീവ് രവി തന്നെ ക്ഷണിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. പിന്നീട് ആ കഥാപാത്രം ജോജു ജോർജാണ് അവതരിപ്പിച്ചത്. അതുപോലെ ജല്ലിക്കെട്ട് എന്ന സിനിമയിൽ വേട്ടക്കാരന്റെ കഥാപാത്രത്തിലേക്ക് ലിജോയും തന്നെ ക്ഷണിച്ചിരുന്നു. എന്നാൽ ഭയം മൂലം താൻ അവ നിരസിച്ചു. ഇക്കുറി തനിക്ക് കുറച്ച് കൂടി ആത്മവിശ്വാസം ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റൈഫിൾ ക്ലബ് മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ സംവിധാന മികവും മേക്കിങുമെല്ലാം ഒന്നിനൊന്ന് മികച്ചതാണ് എന്നാണ് അഭിപ്രായം. അനുരാഗ് കശ്യപിനൊപ്പം സിനിമയിലെ ഫൈറ്റ് സീനുകൾക്ക് വലിയ റെസ്പോൺസ് ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, ഹനുമാന്‍ കൈന്‍ഡ്, വിജയരാഘവൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.
ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ.
Content Highlights: Before Rifle Club, Anurag Kashyap was offered these two Malayalam films