രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് 'ഗെയിം ചേഞ്ചർ'. ചിത്രത്തിന്റെ ആദ്യ റിവ്യൂ പങ്കുവെച്ചിരിക്കുകയാണ് പുഷ്പ 2 ചിത്രത്തിന്റെ സംവിധായകൻ സുകുമാർ. ഗെയിം ചേഞ്ചർ ചിത്രം തന്നിൽ രോമാഞ്ചം ഉണ്ടാക്കിയെന്നാണ് സംവിധായകൻ പറയുന്നത്. യുഎസിലെ ഡാലസില്‍ നടന്ന ചിത്രത്തിന്‍റെ പ്രൊമോഷണല്‍ പരിപാടിയിലാണ് സുകുമാറിന്റെ പ്രതികരണം.
'ഞാനൊരു രഹസ്യം പറയാം. ചിരഞ്ജീവി സാറുമൊത്താണ് ഗെയിം ചേഞ്ചര്‍ എന്ന ചിത്രം കണ്ടത്. എനിക്ക് ഈ സിനിമയുടെ ആദ്യ റിവ്യൂ നല്‍കണമെന്നുണ്ട്. ആദ്യ പകുതി മനോഹരം. ഇന്‍റര്‍വെല്ലിന് ശേഷം അതിഗംഭീരം. എന്നെ വിശ്വസിക്കൂ. രണ്ടാം പകുതിയിലെ ഫ്ലാഷ് ബാക്ക് രംഗം എന്നില്‍ രോമാഞ്ചം ഉണ്ടാക്കി. അസാധാരണ പടം. ഷങ്കറിന്‍റെ ജെന്‍റില്‍മാനും ഭാരതീയുഡുവും ഇന്ത്യന്‍ ചിത്രവും പോലെ ഞാന്‍ ഈ ചിത്രവും ആസ്വദിച്ചു', സുകുമാര്‍ പറഞ്ഞു.
ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങളില്‍ രാം ചരണിന്റെ വൈകാരികത തന്നെ സ്വാധീനിച്ചുവെന്നും അദ്ദേഹം നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സുകുമാർ പറഞ്ഞു. തീര്‍ച്ചയായും ഒരു ദേശീയ പുരസ്കാരം രാം ചരണിന് ലഭിക്കുമെന്നും സുകുമാർ കൂട്ടിച്ചേർത്തു. സുകുമാർ സംവിധാനത്തിൽ രാം ചരൺ നായകനായ രംഗസ്ഥലം വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്.
Content Highlights: Director Sukumar praises Ram Charan's game changer