മോഹൻലാൽ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രം എന്നതിനാൽ തന്നെ ബറോസിനായി എല്ലാവരും കാത്തിരിക്കുകയാണ്. ക്രിസ്മസ് റിലീസ് ആയി നാളെ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ തിങ്കളാഴ്ച തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടിയ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 63 ലക്ഷമാണ്. 960 പ്രദര്‍ശങ്ങളില്‍ നിന്ന് 29,789 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നതെന്ന് സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നു. 184 രൂപ ആവറേജ് ടിക്കറ്റ് തുക വച്ചിട്ടാണ് കളക്ഷന്‍ കണക്കാക്കിയിരിക്കുന്നത്. പ്രമുഖ സെന്‍ററുകളിലെല്ലാം നാളത്തെ ഷോകളില്‍ വലിയൊരു ശതമാനം ഫാസ്റ്റ് ഫില്ലിംഗ് ആണ്.തമിഴ്നാട്ടിലെ 17 ഷോകളും ട്രാക്ക് ചെയ്തിട്ടുണ്ട്. അതുകൂടി ചേർത്ത് 63.22 ലക്ഷമാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. ബ്ലോക്ക് സീറ്റ്സ് കൂടി പരിഗണിക്കുമ്പോള്‍ ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുന്നത് 1.08 കോടിയാണെന്നാണ് റിപ്പോർട്ടുകൾ.
'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlights: Mohanlal's film Barroz advance booking collection reports