സൂര്യ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സൂര്യ 44'. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'സൂര്യ 44' ഒരു റൊമാന്റിക് ആക്ഷൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. സിനിമയുടെ ടൈറ്റിൽ ടീസർ ക്രിസ്തുമസിന് പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജ്. ഒരു പോസ്റ്ററും അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഏപ്രിൽ 10 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെപറ്റി നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. സൂര്യ 44 ഒരു ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു ലവ് സ്റ്റോറി ആണെന്നും സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു ലവ് സ്റ്റോറി ചെയ്യണമെന്നത് എന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അതും സൂര്യ സാറിനെയും പൂജ ഹെഗ്ഡെയും വച്ച് ഒരു ലവ് സ്റ്റോറി ചെയ്യുമ്പോൾ അതിൽ ഞാൻ ആവേശഭരിതനായിരുന്നു എന്നും എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് സുബ്ബരാജ് പറഞ്ഞു. 'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈൻ. ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.
സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. 80 കോടി രൂപയ്ക്കാണ് സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സൂര്യ ചിത്രം മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു.
Content Highlights: Suriya 44 title teaser from december 25