ക്രിസ്മസ് ദിനത്തിൽ ദുഃഖകരമായ വാർത്ത പങ്കുവച്ച് നടി തൃഷ കൃഷ്ണൻ. നടിയുടെ വളർത്തു നായ സോറോയുടെ വിയോഗത്തിന്റെ ദുഃഖം പങ്കിട്ട നടി സിനിമയിൽ നിന്ന് കുറച്ച് കാലത്തേക്ക് ഇടവേളയിടുക്കുന്നതായി ആരാധകരെ അറിയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കിട്ടാണ് നടിയുടെ പ്രതികരണം.
‘എന്റെ മകൻ സോറോ ഈ ക്രിസ്മസ് പുലരിയിൽ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവർക്കറിയാം, ഇനി എന്റെ ജീവിതം അർഥശൂന്യമായിരിക്കുന്നു എന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തിൽ നിന്നും മുക്തരായിട്ടില്ല. കുറച്ചു കാലത്തേക്ക് ജോലിയിൽ നിന്നും ഇടവേള എടുക്കുന്നു.’’ തൃഷ പറഞ്ഞു.
വാർത്തു നായയെ അടക്കിയ സ്ഥലത്തിന്റെ ചിത്രവും തൃഷ പങ്കിട്ടിട്ടുണ്ട്. പുഷ്പങ്ങളും മെഴുകുതിരികളും പൂമാലകളും കൊണ്ടാണ് തൃഷ സോറോയെ യാത്രയാക്കിയത്. സിനിമാ മേഖലയിൽ നിന്നുള്ള അഭിനേതാക്കൾ തൃഷയ്ക്ക് ആശ്വാസ വാക്കുകളുമായി കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.
അജിത്ത് കുമാർ നായകനാകുന്ന 'വിടാമുയർച്ചി' എന്ന ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടെയും ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന 'ഐഡന്റിറ്റി' എന്ന ചിത്രമാണ് തൃഷയുടേതായി തിയേറ്ററിൽ റിലീസിനൊരുങ്ങുന്നത്. ജനുവരി 2 ന് ചിത്രം തിയേറ്ററിലെത്തും.
Content Highlights: Death of pet dog, actress Trisha to take a break from films