അന്ന് ദോശ കൊണ്ട്, ഇന്ന് തോക്ക് കൊണ്ട്…മലയാള സിനിമയുടെ മുന്നിൽ നടക്കുന്ന 'ആഷിഖ് അബു സ്റ്റൈൽ'

ആഷിഖ് അബുവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളെടുത്താൽ അതിൽ മുൻനിരയിൽ തന്നെ കാണും ഈ 'റൈഫിൾ ക്ലബ്'

dot image

സൂപ്പർതാരങ്ങളുടെ 'മൾട്ടിസ്റ്റാർ' സിനിമകൾ നിറഞ്ഞുനിൽക്കുന്ന സമയം, 2011ൽ മലയാളത്തിൽ 'ഒരു ദോശ ഉണ്ടാക്കിയ കഥ'യുമായി ഒരു സംവിധായകൻ വന്നു. പോസ്റ്റർ ഡിസൈൻ മുതൽ ഇങ്ങോട്ട് എല്ലാ മേഖലകളിലും അന്നുവരെ മലയാള സിനിമാലോകം കണ്ടിരുന്ന എല്ലാ പതിവ് രീതികളും മാറ്റിമറിച്ചായിരുന്നു ആഷിഖ് അബു സാൾട്ട് ആൻഡ് പെപ്പർ ഒരുക്കിയത്. രുചികളിൽ തുടങ്ങി, ശബ്ദത്തിലൂടെ വളർന്ന കാളിദാസന്റെയും മായയുടെയും പ്രണയം മുതൽ വില്ലൻ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ബാബുരാജിനെ കൊണ്ട് 'രണ്ട് രാധാസ്' എന്ന് പറയിപ്പിച്ചതിലെ കൗതുകം വരെ മലയാളികൾ അന്ന് ആഘോഷിച്ചു, പല സിനിമാമോഹികളും അത് അനുകരിക്കാൻ ശ്രമിച്ചു. പിന്നീടങ്ങോട്ട് മലയാളത്തിലെ പല സ്റ്റീരിയോടൈപ്പുകളും തകർത്തെറിഞ്ഞുകൊണ്ട് ആഷിഖ് അബു നടത്തിയ യാത്ര ഇപ്പോൾ റൈഫിൾ ക്ലബിൽ എത്തി നിൽക്കുകയാണ്.

റൈഫിൾ ക്ലബിന്റെ കാര്യത്തിൽ, കഥ എന്ത് എന്നതിനപ്പുറം അത് എങ്ങനെ പറയുന്നു എന്നതിലാണ് ആഷിഖ് അബു ശ്രദ്ധ ചെലത്തിയിരിക്കുന്നത്. അതിൽ അദ്ദേഹം വിജയിച്ചു എന്ന് പറയാം. ഒരു ചെറിയ കഥയെ, വലിച്ചുനീട്ടലുകൾ ഇല്ലാതെ സ്റ്റൈലിഷായി മേക്ക് ചെയ്യാൻ ആഷിഖ് അബുവിന് സാധിച്ചു. ടരന്റീനോ സ്റ്റൈൽ സിനിമ എന്നാണ് റൈഫിൾ ക്ലബിനെ പലരും വിശേഷിപ്പിക്കുന്നത്. കളർ ടോൺ കൊണ്ടും ആക്ഷൻ സീനുകളുടെ പുതുമയാർന്ന കൊറിയോഗ്രാഫി കൊണ്ടുമെല്ലാം ടരന്റീനോ സിനിമകൾ പോലെ സമ്പന്നമാണ് റൈഫിൾ ക്ലബ്.

റൈഫിൾ ക്ലബ് പോസ്റ്ററുകൾ

ഓരോ കഥാപാത്രത്തിനും വ്യക്തമായ സ്പേസ് നൽകുക എന്നത് എല്ലാ ആഷിഖ് അബു സിനിമകളുടെയും പ്രത്യേകതയാണ്, റൈഫിൾ ക്ലബിലും നമുക്ക് കാണാനാകും. ഇട്ടിയാനമായി വാണി വിശ്വനാഥ്, ദിലീഷ് പോത്തന്റെ സെക്രട്ടറി അവറാന്‍, വിജയരാഘവൻ അവതരിപ്പിക്കുന്ന കുഴിവേലി ലോനപ്പൻ, സുരേഷ് കൃഷ്ണയുടെ ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ, വിഷ്ണു ആഗസ്ത്യയുടെ ഗോഡ്ജോ, ഉണ്ണിമായയുടെ സൂസൻ, ദർശന രാജേന്ദ്രന്റെ കുഞ്ഞുമോൾ, പൊന്നമ്മ ബാബു അവതരിപ്പിക്കുന്ന ശോശ എന്നിവരടങ്ങുന്ന റൈഫിൾ ക്ലബ് അംഗങ്ങളും റൊമാന്റിക് സ്റ്റാർ ഷാജഹാനായുള്ള വിനീത് കുമാറും അനുരാഗ് കശ്യപും ഹനുമാൻ കൈൻഡും സെന്ന ഹെഗ്‌ഡെയും ഉൾപ്പെടുന്ന വില്ലന്മാരുടേയുമെല്ലാം ക്യാരക്ടർ ബിൽഡിങ് രസകരമായിരുന്നു.

അവർക്കെല്ലാം തന്നെ അവരവരുടേതായ ക്യാരക്ടറാർക്കുമുണ്ട്. 'ഇവിടെ ആണുങ്ങൾ ആരുമില്ലേ' എന്ന് ഹനുമാൻ കൈൻഡ് ചോദിക്കുമ്പോൾ സ്വാഗോടെ നടന്നുവരുന്ന ഇട്ടിയാനത്തിലും 'ഇവിടുത്തെ ഏറ്റവും നല്ല വെടിക്കാരി' താൻ ആണെന്ന് പറയുകയും, അത് കാട്ടുകയും ചെയ്യുന്ന ശോശയിലും ശത്രുക്കൾ തോക്കുമായി വരുമ്പോൾ ഒരു ഞൊടിയിട പോലും ഭാവം മാറാത്ത മുഴുവൻ റൈഫിൾ ക്ലബ് അംഗങ്ങളിലും അത് കാണാം.

റൈഫിൾ ക്ലബ് പോസ്റ്റർ

സിനിമയുടെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ആഷിഖ് അബു തന്നെയാണ്. സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളെ അതിന്റെ ഭംഗി ഒട്ടും ചോർന്നുപോകാതെയാണ് ആഷിഖ് അബു പകർത്തിയെടുത്തിരിക്കുന്നത്. സിനിമ തുടങ്ങി ഏതാനും സമയത്തിനുള്ളിൽ തന്നെ കഥ എന്തെന്ന് മനസിലാകുമെങ്കിലും ഓരോ നിമിഷവും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ പ്രേക്ഷകർ ഈ സിനിമ ആസ്വദിക്കുന്നതിൽ ആഷിഖ് അബു എന്ന ഛായാഗ്രാഹകന്റെ പങ്ക് ചെറുതല്ല.

അങ്ങനെ സംവിധായകൻ, നിർമാതാവ്, ഛായാഗ്രാഹകൻ എന്നീ നിലകളിൽ ആഷിഖ് അബു തിളങ്ങിയിരിക്കുകയാണ്. അന്ന് 'ഒരു ദോശയുണ്ടാക്കിയ കഥ' കൊണ്ട് ഞെട്ടിച്ചത് പോലെ ആഷിഖ് ഇന്ന് 'തോക്കുകൊണ്ടുള്ള കഥ'യിലൂടെയും അത് ആവർത്തിച്ചിരിക്കുകയാണ്. ആഷിഖ് അബുവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളെടുത്താൽ അതിൽ മുൻനിരയിൽ തന്നെ കാണും ഈ 'റൈഫിൾ ക്ലബ്'.

Content Highlights: Aashiq Abu's direction and cinematography in Rifle Club gets appreciation

dot image
To advertise here,contact us
dot image