ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുത്തന്‍ ഴോണര്‍ തുറന്നുകൊടുത്ത യുവ സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമെത്തുന്നു. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ഗഗനചാരിക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് വല എന്ന പുതിയ ചിത്രമെത്തുന്നത്.
ഭൂമിയില്‍ നിന്നും പുറത്തേക്ക് വളര്‍ന്ന നിലയിലുള്ള ചുവപ്പന്‍ പേശികളുമായാണ് വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ രസകരമായ അനൗണ്‍സ്‌മെന്റ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഗോകുല്‍ സുരേഷും അജു വര്‍ഗീസും ഭാഗമായ ഈ അനൗണ്‍സ്‌മെന്റ് വീഡിയോ വലയെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. കോമഡി കൂടി കലര്‍ന്നായിരിക്കും മലയാളത്തിലെ സോംബികള്‍ എത്തുക എന്ന സൂചനയാണ് ഈ വീഡിയോ നല്‍കുന്നത്.
ഗനനചാരിയുടെ തുടര്‍ച്ചയാണോ, വ്യത്യസ്തമായ ചിത്രമാണോ, അതോ പുതിയ യൂണിവേഴ്‌സിന് തുടക്കമാണോ എന്നെല്ലാം ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. 'നമ്മളൊരു സിമുലേഷനിലാണോ, ലോകാന്ത്യം അടുത്തിരിക്കുകയാണ്, മരിച്ചവര്‍ ഉയര്‍ത്തുവരുമ്പോള്‍ നിലനില്‍പ് മാത്രമാണ് ഒരേയൊരു വഴി' എന്നീ വാചകങ്ങളോടെയാണ് അണിയറ പ്രവര്‍ത്തകര്‍ വലയുടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഈ വാചകങ്ങളെയും ചൂഴ്ന്ന് പരിശോധിക്കുകയാണ് സിനിമാപ്രേമികള്‍.
മരിച്ചിട്ടും മരിക്കാതെ തുടരുന്ന മനുഷ്യരെയും ജീവികളെയുമാണ് സയന്‍സ് ഫിക്ഷന്‍ ലോകത്ത് സോംബികളെന്ന് വിളിക്കുന്നത്. ഇവരുടെ ആക്രമണത്തില്‍ പെടുന്നവരും സോംബികളായി മാറുന്നതാണ് പൊതുവെ ഫിക്ഷനില്‍ കണ്ടുവരാറുള്ളത്. ഹോളിവുഡ് അടക്കമുള്ള വിദേശ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഭാഷകളില്‍ വളരെ വിരളമായേ സോംബികള്‍ സ്‌ക്രീനില്‍ എത്തിയിട്ടുള്ളു. മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിലൊന്നായാണ് ഇപ്പോള്‍ വല വരാന്‍ ഒരുങ്ങുന്നത്. 2025ലായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ഗഗനചാരിയിലെ അനാര്‍ക്കലി മരിക്കാര്‍, കെ. ബി. ഗണേശ്കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ എന്നിവരും വലയില്‍ ഭാഗമാണ്. മാത്രമല്ല, മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും വലയ്ക്ക് ഉണ്ട്.
ദ അണ്ടര്‍ ഡോഗ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന വലയില്‍ ലെറ്റേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് സഹ നിര്‍മാതാക്കള്‍. ടെയ്‌ലര്‍ ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുര്‍ജിത് എസ് പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിംഗ് സിജെ അച്ചു, മേക്കപ്പ് ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, വിഎഫ്എക്സ് മേരാക്കി, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എഎസ്-സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ഫൈനല്‍ മിക്സ് വിഷ്ണു സുജാഥന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ വിനീഷ് നകുലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍.
Content Highlights: Gaganachari team rejoins for a new Zombie movie Vala, first look out