അല്ലു അർജുൻ നായകനായ പുഷ്പ 2 എന്ന പുതിയ ചിത്രവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും അവസാനിക്കുന്നില്ല. സിനിമയിലെ 'ദമ്മൂന്റെ പട്ടുകൊര' എന്ന് തുടങ്ങുന്ന ഗാനം ഇപ്പോൾ യൂട്യൂബ് ഉൾപ്പടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. അല്ലു അർജുൻ ആലപിച്ച ഈ ഗാനം ഡിസംബർ 24 ചൊവ്വാഴ്ചയായിരുന്നു യൂട്യൂബിൽ റിലീസ് ചെയ്തത്.
അല്ലു അർജുൻ അവതരിപ്പിക്കുന്ന പുഷ്പയും ഫഹദ് ഫാസിലിന്റെ ബന്‍വാര്‍ സിങ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഗാനത്തിന്റെ പശ്ചാത്തലം. ഗാനത്തിന്റെ വരികളിൽ 'ധൈര്യമുണ്ടെങ്കിൽ തന്നെ പിടികൂടൂ' എന്ന തരത്തിൽ പുഷ്പ ഫഹദ് ഫാസിലിൻ്റെ കഥാപാത്രത്തെ വെല്ലുവിളിക്കുകയാണ്. പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാട്ടിലെ വരികൾ പൊലീസിനെയും നിയമവ്യവസ്ഥയെയും പരിഹസിക്കും വിധമാണ് എന്ന ആരോപണം ഉയർന്നു. ഇതിന് പിന്നാലെയാണ് നിർമാതാക്കൾ ഗാനം പിൻവലിച്ചത്.
ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു രേവതി എന്ന സ്ത്രീ മരിച്ചത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കിനും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.
ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയേറ്ററിലേക്ക് എത്തുകയും ആരാധകര്‍ നടനെ കാണാന്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയേറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു.
Content Highlights: Pushpa 2 Makers Delete Song Dammunte Pattukora