2024 ലെ ദീപാവലിയിൽ ബോളിവുഡ് സാക്ഷ്യം വഹിച്ചത് വലിയൊരു ബോക്സ് ഓഫീസ് ക്ലാഷിനായിരുന്നു. ഒരു ഭാഗത്ത് അജയ് ദേവ്ഗണും അക്ഷയ് കുമാറും മുതൽ ദീപിക പദുക്കോണും കരീന കപൂറും വരെയുള്ള വലിയ താരനിര ഭാഗമായ സിങ്കം എഗെയ്നും മറുഭാഗത്ത് ഹിറ്റ് ഫ്രാഞ്ചൈസിയായ ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗമായ ഭൂൽ ഭുലയ്യ 3 ഉം ഒന്നിച്ചായിരുന്നു ഈ വർഷം ദീപാവലിക്ക് റിലീസ് ചെയ്തത്. ഈ ബോക്സ് ഓഫീസ് ക്ലാഷിൽ വിജയം നേടിയതാകട്ടെ ഭൂൽ ഭുലയ്യ 3യായിരുന്നു. ഇപ്പോൾ ഈ ചിത്രങ്ങൾ വീണ്ടും ഒരു ക്ലാഷിന് ഒരുങ്ങുകയാണ്, ഒടിടിയിൽ.
കാർത്തിക് ആര്യൻ നായകനായെത്തിയ ഭൂൽ ഭുലയ്യ 3 ഡിസംബർ 27 നാണ് ഒടിടി റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാകും ചിത്രം സ്ട്രീം ചെയ്യുക. അതേദിവസം തന്നെയാണ് രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിങ്കം എഗെയ്ൻ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യുന്നത്.
അനീസ് ബസ്‍മി സംവിധാനം ചെയ്ത ഭൂൽ ഭുലയ്യ 3 ആഗോളതലത്തിൽ 417.51 കോടിയാണ് നേടിയത്. ഹൊറർ-കോമഡി ജോണറിൽ കഥ പറഞ്ഞ സിനിമയിൽ കാർത്തിക്കിന് പുറമെ വിദ്യ ബാലൻ, മാധുരി ദീക്ഷിത്ത്, തൃപ്തി ഡിമ്രി, സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിങ്കം എഗെയ്നാകട്ടെ ആഗോളതലത്തിൽ 390 കോടിയോളം രൂപയാണ് നേടിയത്. കരീന കപൂർ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, ജാക്കി ഷ്റോഫ്, അർജുൻ കപൂർ എന്നിങ്ങനെ വന്‍ താരനിരയാണ് അജയ് ദേവ്ഗൺ നായകനായ ഈ സിനിമയിൽ ഭാഗമായത്. സിനിമയുടെ അവസാന ഭാഗത്ത് സൽമാൻ ഖാനും കാമിയോ വേഷത്തിലെത്തിയിരുന്നു.
Content Highlights: Singham Again and Bhool Bhulaiyaa 3 OTT release date announced