
വരുൺ ധവാൻ നായകനായെത്തിയ പുതിയ ചിത്രമാണ് 'ബേബി ജോൺ'. കാലീസ് സംവിധാനം ചെയ്ത ഈ ചിത്രം അറ്റ്ലി-വിജയ് കൂട്ടുകെട്ടിന്റെ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം 'തെരി'യുടെ റീമേക്കാണ്. ക്രിസ്മസ് ദിനമായ ഡിസംബർ 25 ന് പുറത്തിറങ്ങിയ സിനിമയ്ക്ക് ആദ്യ ദിന കളക്ഷനിൽ തെരിയെ മറികടക്കാനായില്ല എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
2016 ൽ പുറത്തിറങ്ങിയ തെരി ആദ്യദിനത്തിൽ 13.1 കോടിയായിരുന്നു നേടിയത്. ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷനുമായിരുന്നു. എന്നാൽ വരുൺ ധവാൻ ചിത്രത്തിന് ആദ്യദിനത്തിൽ 12.50 കോടി മാത്രമാണ് ലഭിച്ചത്. അല്ലു അർജുൻ ചിത്രം പുഷ്പ 2, ഹോളിവുഡ് ചിത്രം മുഫാസ എന്നിവയിൽ നിന്ന് ബേബി ജോണിന് മത്സരവുമുണ്ട്. ഡിസംബർ ആദ്യവാരം പുറത്തിറങ്ങിയ പുഷ്പ 2 ന്റെ ഹിന്ദി പതിപ്പ് ക്രിസ്മസ് ദിനത്തിൽ 15 കോടി രൂപയാണ് നേടിയിരിക്കുന്നത്. മുഫാസയാകട്ടെ 14.25 കോടിയും ക്രിസ്മസ് ദിനത്തിൽ കളക്ട് ചെയ്തു.
ബേബി ജോണിന് സമൂഹ മാധ്യമങ്ങളിലൂടെ സമ്മിശ്ര പ്രതികരണമാണ് നേടാനാവുന്നതും. വിജയ്‌യുടെ പ്രകടനത്തിനൊപ്പം എത്താൻ വരുൺ ധവാനായില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. തമിഴ് വേർഷനായ തെരിയുടെ സീൻ ബൈ സീൻ റീമേക്ക് ആണ് ബേബി ജോണെന്നും ഒരു പുതുമയും സിനിമയിൽ അവകാശപ്പെടാനില്ലെന്നുമാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ദളപതിയുടെ സ്വാഗിനും സ്റ്റൈലിനുമൊപ്പം എത്താൻ വരുണിനെക്കൊണ്ട് കഴിയുന്നില്ലെന്നും ചിത്രത്തിന്റെ ദൈർഘ്യം വളരെ കൂടുതലാണെന്നുമാണ് മറ്റ് പ്രതികരണങ്ങൾ.
അതേസമയം സിനിമയുടെ പശ്ചാത്തലസംഗീതത്തിനും സൽമാൻ ഖാന്റെ കാമിയോയ്ക്കും നല്ല അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. ചിത്രത്തിലെ ഫൈറ്റ് സീനുകളും നന്നായി വന്നിട്ടുണ്ടെന്നാണ് റിവ്യൂസ് സൂചിപ്പിക്കുന്നത്.
ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Varun Dhawan's Baby John Trails Vijay's Theri