അജിത്തിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് വിടാമുയർച്ചി. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഫുൾ സ്വിങ്ങിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സവദീക്കാ എന്ന ആരംഭിക്കുന്ന ഗാനം ഒരു സെലിബ്രേഷൻ മൂഡിൽ പക്കാ ഡാൻസ് നമ്പർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഗാനത്തിൽ ആടിതിമിർക്കുന്ന അജിത്തിനെയും തൃഷയെയും കാണാനാകും. അനിരുദ്ധും ലിറിക് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അറിവ് ആണ്. ആൻ്റണി ദാസൻ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരിയിൽ വിടാമുയർച്ചി തിയേറ്ററിലെത്തും. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്.
ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.
Content Highlights: Ajithkumar film Vidaamuyarchi first song out now