അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ മലയാളത്തിൽ വൻ വിജയമായ ചിത്രമായിരുന്നു പ്രേമം. മലയാളികൾക്കിടയിൽ ചിത്രത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ചിത്രത്തിലെ അനുപമ പരമേശ്വരൻ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന്റെ ഫാൻ ബേസിന്റെ പ്രധാന കാരണം ചുരുണ്ട മുടിയും ശാലീന സൗന്ദര്യവും ആയിരുന്നു. എന്നാൽ ചിത്രം തെലുങ്കിലേക് റീ മേക്ക് ചെയ്തപ്പോൾ കഥാപാത്രത്തിന് വന്ന മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് അനുപമ. കേരളത്തിലേതു പോലെയല്ല തെലുങ്കിലെ സിനിമാ വ്യവസായം എന്നും അവിടെ സൗന്ദര്യത്തിന് അമിതപ്രാധാന്യം ഉണ്ടെന്നും അനുപമ പറഞ്ഞു. വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
'പ്രേമം തെലുങ്കിലേക്ക് റീ മേക്ക് ചെയ്തപ്പോൾ സുമ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാള സിനിമയിൽ, നിങ്ങള്‍ക്ക് മുഖക്കുരു ഉണ്ടെങ്കിലും മുടി ശരിയല്ലെങ്കിലും ഒന്നും പ്രശ്നം അല്ല. അവിടെ കാൻഡിഡ് ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ തെലുങ്കിൽ അങ്ങനെയല്ല. അവിടെ എല്ലാം സിനിമാറ്റിക് കണ്ണിലൂടെയാണ് കാണുന്നത്. കേരളത്തിലെ സിനിമകളിൽ ജീവിതം ഉണ്ട്, അവിടെ സംഭവിക്കുന്ന കാര്യങ്ങൾ ആണ് സിനിമയാക്കുന്നത്. എന്നാൽ തെലുങ്കിൽ അവർക്ക് ജീവിതത്തേക്കാൾ വലുത് വേണം, സ്വപ്നം കാണുന്നതിലും വലുതായിട്ടാണ് സിനിമയിൽ കാണിക്കുന്നത്' അനുപമ പറഞ്ഞു.
പ്രേമത്തിന് ശേഷമുള്ള രണ്ടാമത്തെ സിനിമയായിരുന്നു തെലുങ്ക് റീമേക്ക്. അതില്‍ അഭിനയിക്കുമ്പോൾ മലയാളം അല്ലാതെ മറ്റൊരു ഭാഷയും അനുപമയ്ക്ക് നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു. ഒരു സുഹൃത്ത് തമിഴ് സിനിമ 'അലൈ പായുതേ' യിലെ പട്ടു കേൾപ്പിച്ചത് കൊണ്ട് തമിഴ് കുറച്ച് മാത്രം അറിയുമായിരുന്നു. അതിനു ശേഷം സിനിമാ സെറ്റുകളിൽ നിന്നാണ് അനുപമ മറ്റു ഭാഷകൾ പഠിച്ചത്. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ അഞ്ചു ഭാഷകൾ അനുപമ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, കന്നഡ ചിത്രങ്ങളിലാണ് അനുപമ ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്നത്.
Content Highlights: Anupama Parameswaran on the differences between Telugu cinema and Malayalam cinema