തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ശ്രുതി ഹാസൻ. നടൻ കമൽ ഹാസന്റെ മകളുകൂടിയാണ് ശ്രുതി. തന്റെ മാതാപിതാക്കളായ കമല്‍ഹാസന്റേയും സരികയുടേയും വിവാഹമോചനം ജീവിതം മാറ്റി മറിച്ചതായും അതിൽ നിന്ന് ലഭിച്ച ജീവിതപാഠങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് ശ്രുതി. വിവാഹബന്ധത്തില്‍ നിന്ന് അമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്തയായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കിയതെന്നും ശ്രുതി പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
'ഏറെ സൌഭാഗ്യമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. കലാമൂല്യമുള്ള, മികച്ച നിലവാരമുള്ള മാതാപിതാക്കള്‍, കൂടാതെ ഈശ്വരാനുഗ്രഹവും. ഒരുപാട് സുഖവും സന്തോഷവും. എന്നാല്‍ ആ സൗകര്യങ്ങളുടെ മറുവശവും ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും പിരിഞ്ഞപ്പോള്‍, എല്ലാം മാറിമറിഞ്ഞു. സാമ്പത്തികമായും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ വിലയെന്താണെന്നും അന്നാണ് ഞാന്‍ മനസ്സിലാക്കിയത്. വിവാഹബന്ധത്തില്‍ നിന്ന് അമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്തയായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്, പ്രത്യേകിച്ച് ഒരു മകളെന്ന നിലയിലും എനിക്ക് തിരിച്ചറിയാന്‍ സാധിച്ചത്', ശ്രുതി പറഞ്ഞു. തങ്ങളുടെ തീരുമാനത്തെ കുറിച്ച് അഭിമാനത്തോടെ തുറന്നുസംസാരിക്കാനുള്ള പക്വത മാതാപിതാക്കള്‍ക്കുണ്ടായിരുന്നതായും മക്കളുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കിയതായും ശ്രുതി കൂട്ടിച്ചേർത്തു.
അച്ഛനും അമ്മയും ഒരുമിച്ചായിരുന്നപ്പോള്‍ അവര്‍ ഏറെ സന്തോഷത്തിലായിരുന്നുവെന്നും ഏറ്റവും നല്ല ദമ്പതിമാരായിരുന്നുവെന്നും ശ്രുതി പറഞ്ഞു. പല തരത്തിലും തങ്ങളുടേത് ഒരു സിനിമാകുടുംബമായിരുന്നുവെന്നും ശ്രുതി പറഞ്ഞു. ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ മാതാപിതാക്കള്‍ പരിശ്രമിച്ചതായും വേര്‍പിരിഞ്ഞ് ജീവിക്കുന്നത് അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അത് തനിക്കും സഹോദരിക്കും നല്ലതിനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: sruthi hassan about her parents divorce