2019 ൽ പുറത്തിറങ്ങിയ 'ലയൺ കിങ്' എന്ന ചിത്രത്തിന്റെ തുടർച്ചയായി പുറത്തിറങ്ങിയ ചിത്രമാണ് 'മുഫാസ'. ഡിസംബർ 20 ന് ലോകമെമ്പാടും റിലീസിനെത്തിയ സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇംഗ്ലീഷിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തിയിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് വലിയ നേട്ടം കൊയ്യാൻ സിനിമക്ക് സാധിക്കുന്നുണ്ട്.
74 കോടിയാണ് ഇതുവരെ മുഫാസയുടെ ഇന്ത്യയിലെ എല്ലാ വേർഷനിൽ നിന്നുമുള്ള കളക്ഷൻ. ചിത്രത്തിന് മൊഴിമാറ്റ പതിപ്പുകളിൽ നിന്നും മികച്ച കളക്ഷൻ നേടാനാകുന്നുണ്ട്. ഹിന്ദി പതിപ്പിൽ നിന്ന് മാത്രം മുഫാസ നേടിയത് 25 കോടിയാണ്. ഹിന്ദി പതിപ്പിൽ മുഫാസക്ക് ശബ്ദം നൽകിയത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ആണ്. ഇത് കളക്ഷൻ വർധിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാർ മഹേഷ് ബാബു ആണ് തെലുങ്കിൽ മുഫാസയാകുന്നത്. 11.2 കോടിയാണ് തെലുങ്ക് പതിപ്പിൽ നിന്നും മുഫാസ നേടിയത്. തമിഴിലും സിനിമക്ക് നേട്ടമുണ്ടാക്കാനായിട്ടുണ്ട്. 11.3 കോടിയാണ് ഇതുവരെയുള്ള മുഫാസയുടെ തമിഴ്നാട് കളക്ഷൻ. സിനിമയുടെ ഇംഗ്ലീഷ് പതിപ്പിനും നല്ല കുതിപ്പുണ്ടാക്കാൻ സാധിക്കുന്നുണ്ട്. 26.75 കോടി മുഫാസയുടെ ഒറിജിനൽ പതിപ്പിന് ഇന്ത്യയിൽ നിന്ന് നേടാനായി. ഷാരൂഖ് ഖാന്റെയും മഹേഷ് ബാബുവിന്റെയും ശബ്ദ സാനിധ്യം ചിത്രത്തിന് ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ കൂടുതൽ വരവേൽപ്പ് ലഭിക്കാൻ കാരണമായി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
അതേസമയം, സിനിമയുടെ ലോകമെമ്പാടുമുള്ള ആകെ കളക്ഷൻ 200 മില്യൺ ഡോളറാണ്. കരുത്തനായ സിമ്പയുടെ ശക്തനായ പിതാവ് മുഫാസയുടെ കഥയാണ് 'മുഫാസ: ദ ലയൺ കിംഗി'ലൂടെ പറയുന്നത്. ബാരി ജെങ്കിൻസാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്. അനാഥനിൽ നിന്ന് മുഫാസ എങ്ങനെ അധികാരത്തിലെത്തുന്നു എന്നതും അതിലേയ്ക്കുള്ള യാത്രയുമാണ് സിനിമയുടെ കഥ. ചിത്രത്തിൽ റാഫിക്കിയായി ജോൺ കാനി, പുംബയായി സേത്ത് റോജൻ, ടിമോനായി ബില്ലി ഐക്നർ, സിംബയായി ഡൊണാൾഡ് ഗ്ലോവർ, നളയായി ബിയോൺസ് നോൾസ്-കാർട്ടർ എന്നിവരാണ് ശബ്ദം നൽകുന്നത്.
Content Highlights: Mufasa collects big numbers from Indian boxoffice