കാരവാൻ വച്ചാണ് ഇന്ന് ആർടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നതെന്ന് നടി ശോഭന. പ്രഭാസ് നായകനായ കൽക്കി സിനിമയിൽ അമിതാഭ് ബച്ചന് വേണ്ടി ദിവസം അഞ്ച് ലക്ഷം രൂപ വാടകയ്ക്ക് കാരവാൻ സെറ്റിൽ ഇടുമായിരുനെന്നും എന്നാൽ അദ്ദേഹം അതിൽ ഇരിക്കാറില്ലെന്നും ശോഭന പറഞ്ഞു. ബിഹൈൻഡ്‍വുഡ്സ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'കൽക്കി സിനിമയിൽ ബച്ചൻ സാർ അത്രയും പ്രോസ്തറ്റിക് മേക്കപ്പ് ചെയ്തിട്ട് ചെറിയൊരു പ്ലാസ്റ്റിക് ചെയറിൽ വന്നിരിക്കുന്നതു കാണാം. ഇടയ്ക്കിടെ എഴുന്നേൽക്കും. പിന്നെ ഇരിക്കും. അദ്ദേഹത്തിന് മാത്രമായി അഞ്ച് ലക്ഷം രൂപ ദിവസ വാടകയ്ക്ക് ഒരു കാരവാൻ അവിടെയുണ്ട്. അദ്ദേഹം പക്ഷേ അതിനുള്ളിൽ പോകില്ല. കാരണം അത് ഒട്ടും സുഖപ്രദമല്ല.
ഇപ്പോൾ കാരവാൻ വച്ചാണ് ആർടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നത് എന്നു തോന്നുന്നു. ഞാനിപ്പോൾ ഒരു ഹിന്ദി സിനിമ ചെയ്യുന്നുണ്ട്. അതൊരു ബിഗ് ബജറ്റ് പ്രോജക്ട് ആണ്. എന്റെ കൂടെ എത്ര പേർ കാണുമെന്ന് അവർ ചോദിച്ചു. ആരും ഉണ്ടാകില്ലെന്ന് ഞാൻ പറഞ്ഞപ്പോള്‍ അവർ ഞെട്ടിപ്പോയി. പലരും ആർടിസ്റ്റിനെ വിലയിരുത്തുന്നത് കാരവനും ഒപ്പം വരുന്ന ആളുകളുടെ എണ്ണം വച്ചുമൊക്കെയാണ്', ശോഭന പറഞ്ഞു.
തനിക്ക് കാരവാൻ താല്പര്യമില്ലെന്നും വേണ്ടെന്നു പറഞ്ഞാലും തന്നോട് കാരവനിൽ കയറി ഇരിക്കാൻ പറയുമെന്നും ശോഭന പറഞ്ഞു. 'പണ്ട് കാരവൻ ഇല്ലാത്തതുകൊണ്ട് വളരെ വേഗത്തിൽ കോസ്റ്റ്യൂം മാറി വരും. സെറ്റിൽ ചെന്നാൽ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാൻ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്. കോസ്റ്റ്യൂം ചേഞ്ച് ഒരു വീട്ടിലാണെന്നു പറഞ്ഞാൽ വണ്ടി കയറി അങ്ങോട്ടു പോയി തിരിച്ചു വരുന്ന സമയം ലാഭിക്കാൻ സെറ്റിൽ തന്നെ വസ്ത്രം മാറ്റി ബാക്കിയുള്ള സമയം ഇരുന്ന് ഉറങ്ങാൻ നോക്കും. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റിലാണ് പോയിക്കൊണ്ടിരുന്നത്. ഞാൻ മാത്രമല്ല എന്റെ തലമുറയിൽ പെട്ട ഖുശ്ബു, സുഹാസിനി, രാധിക അങ്ങനെ എല്ലാവരും സെറ്റിലെ പരിമിതികൾ അറിഞ്ഞു പെരുമാറുന്നവരായിരുന്നു', ശോഭന കൂട്ടിച്ചേർത്തു.
Content Highlights: Actress Shobhana says that Amitabh Bachchan did not use a caravan on the sets of Kalki