പുഷ്പ 2 ചിത്രത്തിന്റെ വിജയത്തോടെ അല്ലു അർജുന്റെ ഫാൻ ബേസ് കൂടിയിരിക്കുകയാണ്. ടോളിവുഡിൽ മാത്രമല്ല ഇപ്പോൾ ബോളിവുഡിലെ പല മുൻനിര താരങ്ങളുമായാണ് അല്ലുവിനെ ആരാധകർ താരതമ്യപ്പെടുത്തുന്നത്. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ അല്ലുവുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. തന്റെ ക്വിസ് ഷോ കോന്‍ ബനേഗാ ക്രോർപതി 16 എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥിയോടായിരുന്നു ബച്ചൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊൽക്കത്തയിൽ നിന്നുള്ള വീട്ടമ്മയായ രജനി ബർണിവാളിയായിരുന്നു മത്സരാർത്ഥി. ഇവരോട് അല്ലു അർജുനോടുള്ള ഇഷ്ടത്തെക്കുറിച്ച് ബച്ചൻ ചോദിച്ചപ്പോൾ എനിക്ക് നിങ്ങളെ രണ്ടു പേരെയും ഇഷ്ടമാണെന്നും രണ്ടു പേരും അഭിനയിക്കുമ്പോൾ ചില സാമ്യങ്ങൾ ഉണ്ടെന്നും ഇവർ പറയുന്നു. പല സിനിമകളിലും കോമഡി രംഗങ്ങളിൽ ബച്ചന് സമാനമായി ഷർട്ടിന്റെ കോളറിൽ അല്ലു കടിക്കുന്നതാണ് ഇവർ സാമ്യമായി പറയുന്നത്.
അല്ലു അർജുനെ പ്രശംസിച്ച ബച്ചൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താനെന്നും നല്ല കഴിവുള്ള നടനാണ് അല്ലുവെന്നും മറുപടി നൽകി. അല്ലുവിന് ലഭിച്ച അംഗീകാരം അർഹിക്കുന്നതാണെന്നും പുഷ്പ 2 എല്ലാവരും കാണണം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അല്ലുവുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് വളരെ വിനീതമായി ബച്ചൻ അഭ്യർത്ഥിച്ചു.
നേരത്തെ അമിതാബ് ബച്ചന്റെ സിനിമകൾ ജീവിതത്തിലും സിനിമാ കരിയറിലും തന്നെ ഒരുപാട് സ്വാധീനിച്ചിരുന്നുവെന്ന് അല്ലു അർജുൻ പറഞ്ഞിരുന്നു. അതേസമയം, പുഷ്പ 2 ഇന്ത്യൻ സിനിമയുടെ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. 1500 കോടിയും കടന്ന് 2000 ത്തിലേക്ക് കുതിപ്പ് തുടരുകയാണ് ചിത്രം. 2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗലും എസ് എസ് രാജമൗലി ചിത്രമായ ബാഹുബലി രണ്ടാം ഭാഗവുമാണ് ഇനി പുഷ്പയ്ക്ക് മുന്നിലുള്ള സിനിമകൾ.
Content Highlights: Amitabh Bachchan requests not to compare him with Allu Arjun