ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ കഥ പറയുന്ന സിനിമയിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപായിരുന്നു വില്ലൻ വേഷം ചെയ്തിരുന്നത്. സിനിമയുടെ കഥ കേൾക്കാതെയാണ് അഭിനയിച്ചതെന്നും താടി വടിക്കുമോ എന്നാണ് സംവിധായകൻ ആദ്യം ആവശ്യപ്പെട്ടതെന്നും അനുരാഗ് കശ്യപ്. സിനിമയുടെ കഥ പറയാൻ താൻ ആഷിഖിനെയും ശ്യാമിനെയും അനുവദിച്ചിരുന്നില്ലെന്നും താൻ സംവിധാനം ചെയ്യുന്ന സിനിമകളിലും അഭിനേതാക്കളോട് കഥ പറയാറില്ലെന്നും ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.
'സിനിമയുടെ സ്ക്രിപ്റ്റ് ഞാൻ വായിച്ചിട്ടില്ല. റൈഫിൾ ക്ലബ് എന്ന സിനിമയുടെ അനൗൺസ്‌മെന്റ് കണ്ടപ്പോൾ ആഷിക്ക് അബുവിന് ഞാൻ ഇൻസ്റ്റയിൽ മെസ്സേജ് അയച്ചു. നോർത്തിൽ നിന്ന് ഒരു ആക്ടറെ നിങ്ങൾക്ക് സിനിമയിൽ ആവശ്യമുണ്ടോ എന്നാണ് ഞാൻ ചോദിച്ചത്. അങ്ങനെയാണ് അവർ എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. സിനിമ എന്താണെന്ന് അറിയാതെ ഞാൻ ചോദിച്ചു വാങ്ങിച്ചെടുത്ത റോളാണെന്ന് പറയാം. റൈഫിൾ ക്ലബ് എന്ന പേര് തന്നെ കൂളായി തോന്നി. ആഷിഖ് അബുവിനേയും എനിക്ക് നേരത്തെ അറിയാമായിരുന്നു.
ആഷിഖ് തന്നെയായിരുന്നു സിനിമയുടെ ഛായാഗ്രാഹകൻ. ആദ്യ ദിവസം ഞാൻ ലൊക്കേഷനിൽ ചെല്ലുമ്പോൾ എനിക്ക് താടിയുണ്ടായിരുന്നു. ആഷിഖും ശ്യാമും എന്‍റെയടുത്ത് വന്ന് താടി എടുക്കാൻ കഴിയുമോ എന്ന് ചോദിച്ചു. നിങ്ങളാണ് ഈ സിനിമ സംവിധാനം ചെയ്യുന്നതും എഴുതുന്നതും നിങ്ങൾക്ക് എന്തും ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഞാൻ താടി എടുത്തു. പുലിത്തോൽ പോലെയുള്ള ഒരു ഷർട്ട് ധരിച്ചു. അതിന് ശേഷമാണ് ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചത്. ഒരു ഗൺ ഡീലറുടെ വേഷമാണ് ചെയ്യേണ്ടത് എന്ന് അവർ പറഞ്ഞു. അവർക്ക് എന്നോട് സിനിമയുടെ കഥ പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഞാൻ അത് അനുവദിച്ചില്ല. കാരണം എന്റെ സെറ്റിൽ ഞാനും അഭിനേതാക്കളോട് കഥ പറഞ്ഞു കൊടുക്കാറില്ല. എന്താണ് ചെയ്യേണ്ടത് എന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് ഞാൻ ആഷിഖിനോടും ശ്യാമിനോടും പറഞ്ഞു. സിനിമ ഷൂട്ട് ചെയ്യുന്നതിനിടയിൽ കഥ എന്താണെന്ന് മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു,' അനുരാഗ് കശ്യപ് പറഞ്ഞു.
ദയാനന്ദ് ബാരെ എന്ന കഥാപാത്രമായാണ് അനുരാഗ് കശ്യപ് റെെഫിള്‍ ക്ലബിലെത്തുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റ ചിത്രമാണിത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. സംവിധാന മികവും മേക്കിങ്ങുമെല്ലാം ഒന്നിനൊന്ന് മികച്ചതാണ് എന്നാണ് അഭിപ്രായം. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, ഹനുമാന്‍ കൈന്‍ഡ്, വിജയരാഘവൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.
ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ.
Content Highlights: Anurag Kashyap talks about the movie rifle club