![search icon](https://www.reporterlive.com/assets/images/icons/search.png)
സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സൽമാൻ ഖാന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. പഞ്ച് ഡയലോഗുകളും സ്റ്റൈലും കൂടിക്കലർന്ന ഒരു പക്കാ മാസ് പടമാകും സിക്കന്ദർ എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഈദ് റിലീസായി 2025 മാർച്ചിൽ ചിത്രം പുറത്തിറങ്ങും.
സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബഡ്ജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം. ഒരിടവേളക്ക് ശേഷം എആർ മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കന്ദർ. സോനാക്ഷി സിൻഹ പ്രധാന വേഷത്തിലെത്തിയ അക്കീറാ ആണ് അവസാനമായി മുരുഗദോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ.
സന്തോഷ് നാരായണൻ ആണ് സിനിമക്കായി പശ്ചാത്തലസംഗീതമൊരുക്കുന്നത്. സന്തോഷിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. പ്രീതം ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. മലയാളിയായ വിവേക് ഹർഷൻ ആണ് സിനിമയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത്. എസ് തിരുനാവുക്കരശു ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സൽമാൻ ഖാനും എആർ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സിക്കന്ദർ. 400 കോടി രൂപ ബജറ്റിൽ നിർമിക്കുന്ന ചിത്രം പോർച്ചുഗലിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ആണ് ചിത്രീകരണം പൂർത്തിയാക്കുന്നത്.
Content Highlights: Salman Khan - AR Murugadoss film Sikandar teaser out now