കരിയറിന്റെ തുടക്കക്കാലത്ത് ആരും തന്റെ ചെറിയ പ്രായത്തെക്കുറിച്ച് ഓർത്ത് ആശങ്കപ്പെട്ടിട്ടില്ലെന്ന് ശോഭന. അടൂർ ഗോപാലകൃഷ്ണൻ, പ്രിയദർശൻ, ഭരതൻ, ഭദ്രൻ, ബാലു മഹേന്ദ്ര, അരവിന്ദൻ തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകളാണ് തന്നെ പഠിപ്പിച്ചതെന്നും ശോഭന പറഞ്ഞു. ബിഹൈൻഡ്‍വുഡ്സ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'എന്റെ വയസ്സിനെപ്പറ്റി ആരും ആശങ്കപ്പെട്ടില്ല. ശോഭന ഒരു ആർടിസ്റ്റാണ്. ഹിറ്റായി നിൽക്കുന്ന ഒരു നായികയാണ്. അവരെ ബുക്ക് ചെയ്യാം എന്നല്ലാതെ അയ്യോ… അവർക്ക് 15 വയസ്സല്ലേ ആയിട്ടുള്ളൂ എന്നൊന്നും ആരും ചിന്തിക്കില്ലല്ലോ. അവർ പണം തരുന്നു. ബുക്ക് ചെയ്യുന്നു. ആ സമയത്ത് എനിക്ക് കോളജിൽ പോകണമെന്നോ പാർട്ടിക്കു പോകണമെന്നോ ഉള്ള ചിന്തയില്ല. ഇപ്പോഴത്തെ കുട്ടികൾക്ക് ആ ചിന്തയുണ്ട്. എന്റെ മകൾ വരെ പറയും, ഞാനിവിടെ ഒറ്റയ്ക്കാണ്. എനിക്കൊന്നു പുറത്തു പോകണം. ചില കാര്യങ്ങൾ ചെയ്യാനുണ്ട്. ചിലരെ കാണാൻ പോകണം. എന്റെ പ്രായത്തിലുള്ള കുട്ടികൾ പോകുന്നുണ്ടല്ലോ. അതുകൊണ്ട്, എനിക്കും പോകണം, എന്നൊക്കെ പറയും. അവർക്ക് അത് അറിയാം.
പക്ഷേ, എന്റെ കാലഘട്ടത്തിൽ എനിക്ക് അത് അറിയുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം പുറത്തു പോകണമെങ്കിൽ സിനിമയിൽ അഭിനയിക്കണം. പാർട്ടി എന്നാൽ എന്റെ സുഹൃത്തുക്കൾ, ഭക്ഷണം എന്നു പറഞ്ഞാൽ സെറ്റിൽ നിന്നു കിട്ടുന്നത്, എനിക്ക് അത് വലിയ നിധി കിട്ടിയ പോലെ ആയിരുന്നു. ആകെ പ്രശ്നം മലയാള സിനിമയാണ്. രാവിലെ നാലു മണിക്കു വന്നു വിളിക്കും. ‘ചേച്ചി… ചായ’ എന്നു പറഞ്ഞ് എഴുന്നേൽപ്പിക്കും. ആരും സിറ്റിയിൽ ഷൂട്ട് വയ്ക്കാറില്ല. ദൂരസ്ഥലത്താകും ഷൂട്ട്. അവിടെ ഷൂട്ട് കഴിഞ്ഞ് മുറിയിൽ എത്തുമ്പോഴേക്കും 12 മണിയാകും. രാവിലെ 5 മണി വരെ ഉറങ്ങാൻ പറ്റൂ എന്നതാണ് ആകെയുള്ള അസൗകര്യം. ബാക്കിയെല്ലാ കാര്യങ്ങളും നല്ല പഠന അനുഭവങ്ങളായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, പ്രിയദർശൻ, ഭരതൻ, ഭദ്രൻ, ബാലു മഹേന്ദ്ര, അരവിന്ദൻ തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകളാണ് എന്നെ പഠിപ്പിച്ചത്. അവർ എന്നെ കൂട്ടിക്കൊണ്ടു പോകുന്ന സ്ഥലമാണ് ഞങ്ങൾ ആഘോഷിക്കുന്നത്. അത്തരം ആളുകളെ കാണുന്നതാണ് എന്റെ സോഷ്യൽ ലൈഫ്. അതൊന്നും എല്ലാവർക്കും ലഭിക്കുന്ന അവസരങ്ങൾ അല്ലല്ലോ,' ശോഭന പറഞ്ഞു.
അതേസമയം തരുൺ മൂർത്തി സംവിധാനത്തിൽ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിലാണ് ശോഭന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 20 വർഷങ്ങൾക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നാല് വർഷത്തിന് ശേഷമാണ് ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. അനൂപ് സത്യന് സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' ആണ് ശോഭനയുടെ അവസാന മലയാള ചിത്രം. സുരേഷ് ഗോപി ആയിരുന്നു ചിത്രത്തിൽ ശോഭനയുടെ ജോഡിയായി എത്തിയത്.
Content Highlights: Shobana talks about the good moments in her film career