
എമ്പുരാൻ എന്തൊക്കെ അച്ചീവ് ചെയ്യുമെന്നും എങ്ങനെയൊക്കെയാണ് ചിത്രം ഷൂട്ട് ചെയ്യണമെന്നും പൃഥ്വിരാജിന് കൃത്യമായ ധാരണയുണ്ടായിരുന്നെന്ന് നടൻ ടൊവിനോ തോമസ്. അതുകൊണ്ട് ചിത്രത്തിലഭിനയിക്കുമ്പോൾ തനിക്ക് ഒരു ടെൻഷനുണ്ടായിരുന്നില്ല. ഉറപ്പായും പ്രേക്ഷകർക്ക് രോമാഞ്ചമുണ്ടാക്കേണ്ട സീനുകൾ എമ്പുരാനിൽ ഉണ്ടാകേണ്ടതാണ്. അതിനുള്ള പരിപാടിയൊക്കെ പൃഥ്വി ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞു.
'സാധാരണ ഒരു സീനെടുത്ത് കഴിഞ്ഞ് ഒരു കോംപ്ലിമെന്റിന് വേണ്ടി ഞാനൊന്നും ചോദിക്കാറുമില്ല രാജുവേട്ടൻ ഇങ്ങോട്ട് ഒന്നും പറയാറുമില്ല. പക്ഷെ എമ്പുരാന്റെ ഒരു സീൻ ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ പുള്ളി എന്നോട് ഭയങ്കര ഇമ്പ്രൂവ്മെന്റ് ഉണ്ടല്ലോ എന്ന് പറഞ്ഞു. എന്റെ കോൺഫിഡൻസ് ഭയങ്കര ഹൈ ആക്കി തന്നു അത്. നമുക്ക് അത് തരുന്ന ഒരു കോൺഫിഡൻസ് ഭയങ്കര അടിപൊളിയാണ്', ടൊവിനോ തോമസ് പറഞ്ഞു.
എല്ലാ സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. ചിത്രത്തിൽ ജതിൻ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Tovino Thomas talks about making of empuran and Prithviraj