എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേളയിൽ മലയാള സിനിമയ്ക്ക് ഏറെ അഭിമാനമായി മാറിയ ചിത്രമാണ് ആനന്ദ് എകർഷി സംവിധാനം ചെയ്ത ആട്ടം. മികച്ച ചിത്രം, തിരക്കഥ, എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിൽ ചിത്രം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട്, സെറിൻ ശിഹാബ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഒരു വലിയ അപകടം ഒഴിവായി പോയ സംഭവം പറയുകയാണ് ആനന്ദ് എകർഷി. റിപ്പോര്‍ട്ടറിന്റെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ചിത്രത്തിന്റെ ആദ്യരംഗങ്ങളിൽ ഒരു നാടകത്തിന്റെ സീനുണ്ട്. ഷാജോൺ ചേട്ടന്റെ കഥാപാത്രം കുമ്പളങ്ങ വെട്ടുകയാണ്. അതിനായി അദ്ദേഹം യഥാർത്ഥ വാളാണ് ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് തെറിച്ച് എന്തെങ്കിലും അപകടം സംഭവിക്കരുത് എന്ന് കരുതി മുന്നിൽ നിന്നിരുന്ന എല്ലാവരെയും അവിടെ നിന്ന് മാറ്റി നിർത്തി. എന്നാൽ അവസാനത്തെ കുമ്പളങ്ങ വെട്ടി കഴിഞ്ഞപ്പോൾ ഈ വാൾ ഒടിഞ്ഞ്, പുറകിലേക്ക് തെറിച്ചുപോയി. അത് പുറകിൽ നിൽക്കുന്ന വിനയ് ഫോർട്ടിന്റെ കഴുത്തിന് നേരെയാണ് പോയത്. സിനിമയിൽ ആ ഷോട്ട് അങ്ങനെ തന്നെയുണ്ട്. വിനയ്‌യുടെ കൈ ചെറുതായി മുറിഞ്ഞതല്ലാതെ ഒന്നും സംഭവിച്ചില്ല. അന്ന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അവിടെ വെച്ച് പടം അവസാനിച്ചുപോയേനെ,' എന്ന് ആനന്ദ് എകർഷി പറഞ്ഞു.
പന്ത്രണ്ട് നടന്മാരും ഒരു നടിയുമുള്ള നാടക ഗ്രൂപ്പ്, അവിടുണ്ടാകുന്ന അസ്വാരസ്യങ്ങളും വൈരുധ്യങ്ങളും സംഘർഷങ്ങളും പറയുന്ന ചിത്രമാണ് ആട്ടം. അജി തിരുവാങ്കുളം, ജോളി ആന്റണി, മദൻ ബാബു, നന്ദൻ ഉണ്ണി, പ്രശാന്ത് മാധവൻ, സന്തോഷ് പിറവം, സെൽവരാജ് രാഘവൻ, സിജിൻ സിജീഷ്, സുധീർ ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. 2024 ജനുവരി 5നാണ് ചിത്രം റിലീസ് ചെയ്തത്. 2023ലെ ഐഎഫ്എഫ്കെ അടക്കമുള്ള ചലച്ചിത്രമേളകളിൽ ചിത്രം മത്സരിക്കുകയും പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.
Content Highlights: Anand Ekarshi talks about mishap on the sets of Aattam movie