ജിത്തു മാധവൻ തിരക്കഥയൊരുക്കുന്ന ചിദംബരത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും മാവെറിക്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കിട്ടാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. 'കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചിദംബരം, ജിത്തു മാധവൻ എന്നിവരോടൊപ്പം ചേർന്ന് ഒരു മലയാളം മാസ്റ്റർപീസ് സൃഷ്ടിക്കുന്നു. വലിയ പേരുകൾ, വലിയ കാഴ്ചകൾ' എന്നാണ് ഇവർ കുറിച്ചിരിക്കുന്നത്.
ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മഞ്ഞുമ്മേല്‍ ബോയ്സിന്‍റെ ക്യാമറയും ഷെെജു ഖാലിദ് ആയിരുന്നു. ആവേശത്തിന്റെയും മഞ്ഞുമ്മൽ ബോയ്സിന്റെയും കിടിലൻ ട്രാക്കുകളിലൂടെ 2024നെ തന്റേതാക്കി മാറ്റിയ മ്യൂസിക് ഡയറക്ടർ സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റർ. ആർട്ട് ഡയറക്ടർ അജയൻ ചാലിശേരിയാണ്. ഇരുവരും മഞ്ഞുമ്മേല്‍ ബോയ്സിന്‍റെ അണിയറ പ്രവര്‍ത്തകരായിരുന്നു. വിവേക് ഹര്‍ഷനായിരുന്നു ആവേശത്തിന്‍റെയും എഡിറ്റര്‍. ദീപക് പരമേശ്വരൻ, പൂജാ ഷാ, കസാൻ അഹമ്മദ്, ധവൽ ജതനിയ, ഗണപതി എന്നിവരാണ് മറ്റുള്ള അണിയറ പ്രവർത്തകർ. ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തു വരും.
KVN Productions and Thespian Films join forces with Mavericks Chidambaram and Jithu Madhavan to create a Malayalam masterpiece. Big names, bigger vision!@KvnProductions @thespianfilms_ @ShailajaD #SatishFenn @SUPRITH_87 @chidaakasham #JithuMadhavan #ShijuKhalid #SushinShyam… pic.twitter.com/zB129JlBMQ
— KVN Productions (@KvnProductions) January 2, 2025
'ഞങ്ങളുടെ കാഴ്ചപ്പാട് എല്ലായ്‌പ്പോഴും ഭാഷകൾക്കപ്പുറം സിനിമയെ പുനർനിർവചിക്കുക എന്നതായിരുന്നു, ഈ സിനിമ പ്രേക്ഷകർ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന അതേ മികവോടെ മലയാളത്തിലേക്കുള്ള ഞങ്ങളുടെ ചുവടുവെപ്പിനെ അടയാളപ്പെടുത്തും' കെ വി എൻ പ്രൊഡക്ഷൻസിന്റെ അമരക്കാരൻ വെങ്കിട്ട് നാരായണ പറഞ്ഞു. KD (കന്നഡ), യാഷ് നായകനാകുന്ന ടോക്സിക് , ദളപതി 69 , പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം എന്നിങ്ങനെ വമ്പൻ പ്രൊജക്ടുകളാണ് കെ വി പ്രൊഡക്ഷൻ നിലവിൽ നിർമ്മിക്കുന്നത്.
നല്ല കഥകൾ സിനിമയാക്കുന്ന ഇത്രയും വലിയൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണെന്ന് ചിദംമ്പരവും ഈ സ്‌ക്രിപ്റ്റ് തൻ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും ഇത്തരമൊരു മികച്ച ടീമിൻ്റെ പിന്തുണയോടെ ചെയ്യുന്ന സിനിമ മികച്ചതായിരിക്കും എന്ന് ജിത്തു മാധവനും കൂട്ടിച്ചേർത്തു.
Content Highlights: Chidambaram's new film scripted by Jithu Madhavan