തെലുങ്ക് സിനിമയിൽ വ്യക്തമായ ഫാൻബേസുള്ള താരമാണ് ചിരഞ്ജീവി. 'മെഗാസ്റ്റാർ' എന്നാണ് നടനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നതും. കഴിഞ്ഞ ഏതാനും സിനിമകൾ ബോക്സ് ഓഫീസിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും അതൊന്നും നടന്റെ സ്റ്റാർഡത്തെ ബാധിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
ദസറ എന്ന ചിത്രത്തിലൂടെ വരവറിയിച്ച ശ്രീകാന്ത് ഒഡേലക്കൊപ്പമാണ് ചിരഞ്ജീവിയുടെ അടുത്ത ചിത്രം. ഈ സിനിമയ്ക്കായി 75 കോടിയാണ് നടന്റെ പ്രതിഫലം എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രതിഫലമാണിത്.
ആക്ഷനും പ്രാധാന്യമുള്ള പിരീഡ് ഡ്രാമയായിരിക്കും ശ്രീകാന്ത് ഒഡേല-ചിരഞ്‍ജീവി ചിത്രം. എസ്എൽവി സിനിമാസിൻ്റെ ബാനറിൽ സുധാകർ ചെറുകുറി നിർമിക്കുന്ന ഈ സിനിമ യുനാനിമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ തെലുങ്ക് താരം നാനിയാണ് അവതരിപ്പിക്കുന്നത്. നാനി നായകനാകുന്ന 'ദി പാരഡൈസ്' എന്ന തന്റെ രണ്ടാമത്തെ ചിത്രം പൂർത്തിയാക്കിയതിന് ശേഷം, ശ്രീകാന്ത് ഒഡേല ഈ ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന.
'ഭോലാ ശങ്കര്‍' എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. തമിഴിൽ വലിയ ഹിറ്റായ അജിത് ചിത്രം വേതാളത്തിന്റെ റീമേക്കാണിത്. വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്ത ഈ സിനിമയ്ക്ക് 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത്. മെഹര്‍ രമേഷാണ് ചിത്രം സംവിധാനം ചെയ്തത്. തമന്ന, കീർത്തി സുരേഷ് എന്നിവരായിരുന്നു സിനിമയിലെ നായികമാർ. മഹതി സ്വര സാഗറായിരുന്നു സംഗീതം നിർവഹിച്ചത്.
Content Highlights: Chiranjeevi to get record remunaration for Srikanth Odela's movie