രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചറിന്റെ ട്രെയ്‌ലര്‍ റിലീസായി. രണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം, വമ്പന്‍ ആക്ഷന്‍ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകള്‍ ഉണ്ട്.
വിവിധ ഗെറ്റപ്പുകളില്‍ രാം ചരണ്‍ എത്തുന്ന ചിത്രം പല കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് ഒരുങ്ങുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. രാം ചരണിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്നാണ് സിനിമ കണ്ടതിന് ശേഷം സംവിധായകന്‍ സുകുമാര്‍ പറഞ്ഞത്.
നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ചില പാട്ടുകളും അതിന്റെ വിഷ്വല്‍സും വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നെങ്കിലും ചില പാട്ടുകള്‍ ട്രെന്‍ഡിങ്ങാവുകയും ചെയ്തിരുന്നു. ബ്രഹ്‌മാണ്ട സെറ്റുകളും ഡാന്‍സ് നമ്പറുകളുമായി പക്കാ ഷങ്കര്‍ സ്റ്റൈലിലായിരുന്നു ഈ പാട്ടുകളെത്തിയത്. അഞ്ച് ഗാനങ്ങളാണ് ഗെയിം ചേഞ്ചറിലുള്ളത്. ഈ ഗാനങ്ങള്‍ ഷൂട്ട് ചെയ്യാനായി ഷങ്കര്‍ ചെലവാക്കിയത് 92 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രാം ചരണ്‍ നായകനായി എത്തുമ്പോള്‍ കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തുന്നത്. അഞ്ജലിയും മറ്റൊരു നായികയായി എത്തുന്നുണ്ട്. എസ്.ജെ സൂര്യയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
400 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ഗെയിം ചേഞ്ചറിന് മേല്‍ വലിയ പ്രതീക്ഷകളാണ് ഉള്ളത്. ഇന്ത്യന്‍ 2 എന്ന വമ്പന്‍ പരാജയത്തിന് ശേഷമെത്തുന്ന സിനിമയായതിനാല്‍ ഷങ്കറിന് വിജയം അനിവാര്യമാണ്. ജനുവരി പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
കേരളത്തില്‍ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ആണ്. അല്ലു അര്‍ജുന്റെ പുഷ്പ 2 കേരളത്തില്‍ എത്തിച്ചതും ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ആയിരുന്നു. ഗെയിം ചേഞ്ചറിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ദില്‍ രാജുവും സിരിഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
രചന- സു. വെങ്കടേശന്‍, വിവേക്, കഥ-കാര്‍ത്തിക് സുബ്ബരാജ്, സഹനിര്‍മ്മാതാവ്- ഹര്‍ഷിത്, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമന്‍, എഡിറ്റര്‍ - ഷമീര്‍ മുഹമ്മദ്, ആന്റണി റൂബന്‍, സംഭാഷണങ്ങള്‍- സായ് മാധവ് ബുറ, കലാസംവിധായകന്‍- അവിനാഷ് കൊല്ല, ആക്ഷന്‍ കൊറിയോഗ്രാഫര്‍- അന്‍മ്പറിവ്, നൃത്തസംവിധായകര്‍- പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്‌കോ മാര്‍ട്ടിസ്, ജോണി, സാന്‍ഡി, ഗാനരചയിതാക്കള്‍- രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസര്‍ല ശ്യാം, ബാനര്‍- ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ്, പിആര്‍ഒ- ശബരി.
Content Highlights: Game Changer starring Ram Charan directed by Shankar, trailer out