അജിത്ത് നായകനായി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയാർച്ചി. ചിത്രത്തിന്റെ റിലീസ് മാറ്റിയതിനെ തുടർന്ന് നിരാശയിലാണ് ആരാധകർ. എന്നാൽ നിരാശപ്പെടേണ്ടതില്ലെന്നും ചിത്രം മികച്ച അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്നും പറയുകയാണ് മഗിഴ് തിരുമേനി. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ പ്രേക്ഷകർ വിടാമുയാർച്ചി കാണാൻ തിയേറ്ററിൽ എത്തിയാൽ നിരാശരാകേണ്ടി വരില്ലെന്നും ഡിടിനെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ മഗിഴ് തിരുമേനി പറഞ്ഞു.
'അജിത്തിനെപ്പോലൊരു സൂപ്പർസ്റ്റാറിന് ആത്മവിശ്വാസവും എന്നാൽ ഒരല്‍പം റിസ്കമുള്ള ചിത്രമാണ് വിടാമുയാർച്ചി. മുൻ ധാരണകളില്ലാതെ തിയേറ്ററുകളിൽ പ്രവേശിക്കുന്ന പ്രേക്ഷകർക്ക് തീർച്ചയായും ആകർഷകമായ സിനിമാനുഭവം നേടാനാകും. ലാര്‍ജര്‍ ദാന്‍ ലൈഫ് ആക്ഷനും വമ്പന്‍ രംഗങ്ങളും വലിയ ആര്‍ഭാടവും പ്രതീക്ഷിക്കരുത്. ഇത് അങ്ങനെയുള്ള ചിത്രമല്ല. കണ്ടു കഴിഞ്ഞും മനസില്‍ തങ്ങിനില്‍ക്കുന്ന ചിത്രമായിരിക്കും ഇത്," മഗിഴ് തിരുമേനി പറഞ്ഞു.
Magizh Thirumeni: #VidaaMuyarchi is a confident but risky attempt for a superstar like Ajith, “but an audience who enters theatres without preconceived notions would surely find an engaging film. I would like them to see a film for itself and not come into the theatre expecting a… pic.twitter.com/E1ctmh9kca
— Friday Matinee (@VRFridayMatinee) January 2, 2025
പൊങ്കല്‍ റിലീസിന് ഒരുങ്ങിയ വിടാമുയര്‍ച്ചിയുടെ റിലീസ് മാറ്റിയതായി കഴിഞ്ഞ ദിവസം നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു. 2023 ജനുവരിയില്‍ റിലീസായ തുണിവ് ആണ് അജിത്തിന്റേതായി തിയേറ്ററുകളിലെത്തിയ അവസാന ചിത്രം. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയായിരുന്നു വിടാമുയര്‍ച്ചിയുടെ റിലീസിനായി തല ആരാധകര്‍ കാത്തിരുന്നത്.
നേരത്തെ ചിത്രത്തിന്റെ ടീസര്‍ റിലീസിന് പിന്നാലെ വിടാമുയര്‍ച്ചിക്കെതിരെ പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹോളിവുഡ് ചിത്രം ബ്രേക്ഡൗണുമായി വിടാമുയര്‍ച്ചി ടീസറിനുള്ള സാമ്യതകളെ തുടര്‍ന്നായിരുന്നു ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിടാമുയര്‍ച്ചിയുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിനെതിരെ പാരാമൗണ്ട് പിക്ചേഴ്സ് 150 കോടിയുടെ നോട്ടിസ് അയച്ചെന്നായിരുന്നു അഭ്യൂഹങ്ങള്‍ വന്നത്. എന്നാല്‍ ഇത്തരത്തില്‍ നോട്ടിസൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ലൈക്കയുടെ പ്രതികരണം.
'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം, അജിത്- അര്‍ജുന്‍- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയര്‍ച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlights: Magizh Thirumeni about ajith kumar movie vidaamuyarchi