ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രം മാർക്കോ തിയേറ്ററുകളിൽ വലിയ വിജയമായി പ്രദർശനം തുടരുകയാണ്. സിനിമയുടെ വിജയത്തെക്കുറിച്ചുള്ള നടൻ ടൊവിനോ തോമസിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വയലൻസുള്ളത് കൊണ്ടല്ല മറിച്ച് അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും മികച്ച രീതിയിൽ പ്രവർത്തിച്ചത് കൊണ്ടാണ് സിനിമ വിജയമായത് എന്ന് നടൻ പറഞ്ഞു. ഐഡന്‍റിറ്റി എന്ന സിനിമയുടെ റിലീസിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
'മാര്‍ക്കോ നല്ല ഒരു സിനിമയാണ്. ടെക്നിക്കലിയും അതിലെ പ്രകടനങ്ങള്‍ കൊണ്ടുമാണ് വയലന്‍സ് വിശ്വസനീയമായി തോന്നിയത്. അല്ലാതെ വയലന്‍സ് കൊണ്ട് മാത്രമല്ല ആ സിനിമയുടെ വിജയമെന്ന് എനിക്ക് തോന്നുന്നു. സിനിമ എന്ന നിലയ്ക്ക് നല്ലതായതുകൊണ്ടാണ് അത് വിജയിച്ചതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയില്‍ നമ്മള്‍ കാണുന്നതൊന്നും ശരിക്കും നടക്കുന്നതല്ലല്ലോ, ഒരു മേക്ക് ബിലീഫ് ആണ്. ആ മേക്ക് ബിലീഫ് അത്രയും വിജയകരമായി അവര്‍ക്ക് ചെയ്യാന്‍ പറ്റി എന്നുള്ളിടത്താണ് ആ സിനിമ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. ഏത് ഇമോഷന്‍ ആണെങ്കിലും ആള്‍ക്കാരെ അത്രയും നന്നായി വിശ്വസിപ്പിക്കാന്‍ സാധിച്ചാല്‍ അത് വിജയിക്കും,' ടൊവിനോ പറഞ്ഞു.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാർക്കോ 100 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ മാര്‍ക്കോയ്ക്ക് ബോളിവുഡിലും ആരാധകർ ഏറെയാണ്. യുവാക്കള്‍ മാത്രമല്ല, കുടുംബങ്ങളും മാര്‍ക്കോ കാണാന്‍ എത്തുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ആക്ഷന് പ്രാധാന്യം നൽകിയ സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. 'കെജിഎഫ്', 'സലാർ' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ പല സുപ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളാണ്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സിൻറെ ആദ്യ നിർമ്മാണ സംരംഭമാണ്.
Content Highlights: Tovino Thomas talks about the sucess of Marco movie