ബോക്സ് ഓഫീസ് വെടിവെച്ചിട്ട് 'റൈഫിള്‍ ക്ലബ്ബ്'; മൂന്നാം വാരം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു

150 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരം 180ലേക്കും മൂന്നാം വാരം 191 തിയേറ്ററുകളിലേക്കും എത്തിയിരിക്കുകയാണ്

dot image

തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ 'റൈഫിൾ ക്ലബ്ബ്' മൂന്നാം വാരത്തിലേക്ക്. കേരളത്തിൽ 150 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരം 180ലേക്കും മൂന്നാം വാരം 191 തിയേറ്ററുകളിലേക്കും എത്തിയിരിക്കുകയാണ്. പ്രായഭേദമെന്യേ ഏവരുടേയും പിന്തുണയോടെ നിറഞ്ഞ സദസ്സിലാണ് ചിത്രത്തിന്‍റെ പ്രദർശനം മൂന്നാം വാരവും തുടരുന്നത്.

ചെറുത്തുനിൽപ്പിന്‍റേയും ഒത്തൊരുമയുടെയും തോക്കുകളുടേയുമൊക്കെ കഥയുമായെത്തിയ 'റൈഫിൾ ക്ലബ്ബി'ന് പ്രേക്ഷകരേകിയത് ഗംഭീര വരവേൽപ്പാണ്. റൈഫിൾ ക്ലബ്ബിലൂടെ, ഒരിക്കൽകൂടി തന്നിലെ സംവിധായക മികവ് അരക്കിട്ട് ഉറപ്പിച്ചുകൊണ്ട് അടയാളപ്പെടുത്തിയിരിക്കുകയാണ് ആഷിഖ് അബു എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞിരിക്കുന്നത്.

സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ മുൻനിർത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് ചിത്രം. ഉഗ്രൻ വേട്ടക്കാരായ ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക്, ഗൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനും വേട്ടക്കാരുടെ ജീവിതം അടുത്തറിയാനുമായി റൊമാന്‍റിക് ഹീറോ ഷാജഹാൻ എത്തുന്നതും തുടർന്നുള്ള അപ്രതീക്ഷിതമായ ചില സംഭവങ്ങളുമൊക്കെയായി സംഭവബഹുലമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

റൈഫിൾ ക്ലബ്ബിലെ അംഗങ്ങളുടെ കൂട്ടായ്മയുടെയും ചെറുത്തുനിൽപ്പിന്‍റേയുമൊക്കെ കഥ പറയുന്ന സിനിമയിൽ സൗഹൃദം, സാഹോദര്യം അതൊക്കെ പ്രേക്ഷകർക്കും ആത്മാവിൽ തൊടും വിധത്തിൽ അനുഭവവേദ്യമാവുന്ന രീതിയിലാണ് മേക്കിങ്. ഒരുപറ്റം അഭിനേതാക്കളുടെ മികവാർന്ന പ്രകടനമാണ് സിനിമയുടെ പ്ലസ്. വിജയരാഘവനും ദിലീഷ് പോത്തനും വാണി വിശ്വനാഥും ദർശന രാജേന്ദ്രനും ഉണ്ണിമായ പ്രസാദും സുരഭി ലക്ഷ്മിയും സുരേഷ് കൃഷ്ണയും വിഷ്ണു അഗസ്ത്യയുമെല്ലാം ശക്തമായ വേഷങ്ങളിലുണ്ട്. അതോടൊപ്പം അനുരാഗ് കശ്യപ്, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ് എന്നിവരാണ് ചിത്രത്തിൽ ശ്രദ്ധ നേടുന്ന മറ്റു അഭിനേതാക്കൾ.

വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ, കഥാപാത്രങ്ങൾക്കെല്ലാം അവരുടേതായൊരു സ്പേസ് നൽകിയിട്ടുണ്ട് തിരക്കഥ ഒരുക്കിയിരിക്കുന്ന ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവരുടെ കൂട്ടുകെട്ട്. ചിത്രം ബോക്സോഫീസിൽ വൻ ബുക്കിംഗുമായാണ് കുതിപ്പ് തുടരുന്നത്. റെട്രോ സ്റ്റൈൽ രീതിയിലാണ് ആഷിഖ് അബു റൈഫിൾ ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്‍റെ സിനിമോട്ടോഗ്രാഫി. റെക്സ് വിജയന്‍റെ മ്യൂസിക്കും വി സാജന്‍റെ എഡിറ്റിംഗും സിനിമയുടെ ഹൈലൈറ്റാണ്.

ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തീപാറുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രം ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Rifle Club enters into third week in theatres

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us