മലയാള സിനിമാപ്രേമികൾ ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തുടരും'. മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ തരുൺ മൂർത്തി എന്ന സംവിധായകൻ എങ്ങനെയാകും അവതരിപ്പിക്കുക എന്നത് തന്നെയാണ് ആ ആകാംക്ഷയുടെ പ്രധാന കാരണവും. ഇതുവരെ സിനിമയുടേതായി പുറത്തുവന്നിട്ടുള്ള എല്ലാ അപ്ഡേറ്റുകൾക്കും ആ പ്രതീക്ഷയോട് നീതി പുലർത്താൻ കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തെ രസകരങ്ങളായ ചില നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് തുടരും ടീം.
'ബിഹൈൻഡ് ദി ലാഫ്സ്' എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിൽ മോഹൻലാലും തരുണും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും ഉൾപ്പെടുന്ന, ചിരിയുണർത്തുന്ന സംഭവങ്ങളാണ് കാണാൻ കഴിയുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. സിനിമയുടെ റിലീസിനായി കാത്തിരിക്കാൻ ഈ വീഡിയോ മാത്രം മതിയെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ നടന്റെ കഥാപാത്രത്തെ കണ്ടപ്പോൾ ഭ്രമരത്തിലെ മോഹൻലാലിനെ ഓർമ്മ വന്നു എന്നാണ് ഛായാഗ്രഹകൻ ഫായിസ് സിദ്ദിഖ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. തുടരും ജനുവരി 30 ന് തിയേറ്ററുകളിലെത്തും.
Content Highlights: Thudarum team shares behind the scenes video of movie