മലയാള സിനിമയില്‍ തന്നെ പുതിയ അനുഭവമായിരുന്നു പൃഥ്വിരാജ് സംവിധാനത്തിലെത്തിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിച്ചത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും സംവിധായകന്‍ പൃഥ്വിരാജിനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് ആന്‍റണി പെരുമ്പാവൂര്‍ ഇപ്പോള്‍.
ആശിർവാദ് സിനിമാസിന്റെ 25 വർഷത്തെ യാത്രയിൽ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’ എന്ന് പറഞ്ഞ ആന്റണി പെരുമ്പാവൂർ ആരാധകർക്ക് വേണ്ട മോഹൻലാലിനെ കൊടുക്കാൻ പൃഥ്വിരാജ് എന്ന സംവിധായകനറിയാമെന്നും കൂട്ടിച്ചേർത്തു. ആശിര്‍വാദിന്‍റെ 25 -ാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് താന്‍ നിര്‍മിച്ച ഓരോ ചിത്രത്തെ കുറിച്ചും അണിയറ പ്രവര്‍ത്തകരെ കുറിച്ചും ആന്‍റണി പെരുമ്പാവൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവെക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ലൂസിഫറിനെ കുറിച്ചും ആന്‍റണിയുടെ കുറിപ്പ്.
ലൂസിഫർ നൽകിയ വിജയം ഇന്ത്യൻ സിനിമയിൽ തന്നെ ആശിർവാദ് സിനിമാസിനെ അടയാളപ്പെടുത്തിയെന്നും പൃഥ്വിരാജിന് തന്നോടുള്ള സൗഹൃദത്തിന്റെ തെളിവാണ് അദ്ദേഹം സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളും ആശിർവാദിന്റെ ബാനറിൽ നിർമിച്ചതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
'ആശിർവാദ് സിനിമാസിന്റെ 24-ാമത് ചിത്രം ലൂസിഫർ ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന അധ്യായമായി നിലകൊള്ളുന്നു. വർഷങ്ങളായി ഞാനും ലാൽ സാറും എണ്ണമറ്റ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന പ്രോജക്റ്റ് ഞങ്ങൾ അതുവരെ ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു.
പൃഥ്വിരാജും മുരളി ഗോപിയും ഒരുമിച്ച ആ ചിത്രം മലയാള സിനിമയെ ഉയരത്തിൽ എത്തിച്ചു. വലിയ സ്വാധീനം ചെലുത്താൻ ശേഷിയുള്ള പ്രതിഭകളുടെ ഉറവിടമാണ് നമ്മുടെ ഈ ചെറിയ ലോകമെന്ന് അവർ ഒരുമിച്ച് ഇന്ത്യൻ സിനിമാ ലോകത്തിന് കാണിച്ചുകൊടുത്തു. ലാൽ സാറിനും പൃഥ്വിരാജിനും എനിക്കും ഇടയിൽ ലൂസിഫർ കെട്ടിപ്പടുത്ത സൗഹൃദം പിന്നീട് ബ്രോ ഡാഡിയിലെത്തുകയും ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാനെ രൂപപ്പെടുത്തുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ആശീർവാദ് സിനിമാസിന് ഇന്ന് ആഗോളതലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ ഒരു കാരണം ലൂസിഫറിന്റെ വിജയമാണ്, ഞങ്ങളെ ഇത്രയും ഉയരങ്ങളിലേക്ക് ഉയർത്തിയ ഈ ബന്ധത്തിനും സൗഹൃദത്തിനും ഞാൻ നന്ദിയുള്ളവനാണ്.
ആരാധകർ ആഗ്രഹിക്കുന്നതുപോലെ മോഹൻലാൽ എന്ന നടനെ അവതരിപ്പിക്കാൻ ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിന് നന്നായി അറിയാം. ലാൽ സാറിന്റെ ഏറ്റവും വലിയ ആരാധകൻ എന്ന നിലയിൽ ലൂസിഫർ എനിക്ക് ഒരു വിരുന്നു തന്നെ ആയിരുന്നു. എന്നെപ്പോലെ ലാൽ സാറിനോട് അളവറ്റ സ്‌നേഹവും ബഹുമാനവുമുള്ള പൃഥ്വിരാജ്, മുരളി ഗോപി എന്നീ സുഹൃത്തുക്കളെ കണ്ടെത്തിയതിൽ ഞാൻ ഭാഗ്യവാനാണ്.
നിരവധി അവിസ്മരണീയമായ ചിത്രങ്ങൾ ആശിർവാദ് സിനിമാസ് നിർമിച്ചപ്പോൾ, മലയാള സിനിമാലോകത്ത് റെക്കോർഡുകളിൽ നിന്ന് റെക്കോർഡുകളിലേക്ക് പറന്ന് ഞങ്ങളുടെ യാത്രയെ ഉയരത്തിൽ എത്തിച്ചത് ലൂസിഫറാണ്. പൃഥ്വിരാജ് ഇതുവരെ സംവിധാനം ചെയ്ത മൂന്ന് സിനിമകളും ആശീർവാദ് ബാനറിൽ ആണെന്നത് ഞങ്ങൾ പങ്കിടുന്ന സുഹൃദത്തിന്റെ തെളിവാണ്. പ്രിയപ്പെട്ട ലാൽ സാറിനും രാജുവിനും മുരളിക്കും ലൂസിഫറിന്റെ മുഴുവൻ ടീമിനും ഈ യാത്രയുടെ ഭാഗമായതിന് നന്ദി പറയുന്നു,' ആന്റണി പെരുമ്പാവൂർ പറഞ്ഞു.
അതേസമയം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ റിലീസിനൊരുങ്ങുന്ന ചിത്രം എമ്പുരാനാണ്. സിനിമയുടെ എഡിറ്റിംഗ് വർക്കുകൾ പുരോഗമിക്കുകയാണിപ്പോൾ. ചിത്രം മാർച്ച് 27 ന് തിയേറ്ററുകളിൽ എത്തും.
Content Highlights: Anthony Perumbavoor says that Prithviraj knows how to give Mohanlal to the fans