ഉണ്ണി മാത്രമല്ല, നോര്‍ത്തില്‍ ജഗദീഷും വന്‍ ഹിറ്റ്;മുന്‍ ബോളിവുഡ് കഥാപാത്രത്തെ ഓര്‍ത്തെടുത്ത് സോഷ്യല്‍ മീഡിയ

മാര്‍ക്കോയിലെ ജഗദീഷ് കഥാപാത്രമായ ടോണി ഐസക്കാണ് ഹിന്ദി സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്

dot image

മാര്‍ക്കോ എന്ന മലയാളചിത്രം അത്ഭുതകരമായ പ്രകടനമാണ് നോര്‍ത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നടത്തുന്നത്. ഹിന്ദി ബെല്‍റ്റില്‍ തിയേറ്ററുകളുടെയും ഷോകളുടെയും എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഇക്കഴിഞ്ഞ നാളുകളില്‍ ഉണ്ടായത്. ബോക്‌സ് ഓഫീസ് വിജയത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും മാര്‍ക്കോ ട്രെന്‍ഡിങ്ങാകുന്നുണ്ട്.

ചിത്രത്തിലെ വയലന്റ് സീനുകളും ആക്ഷനും ഉണ്ണി മുകുന്ദന്റെ പ്രകടനവുമെല്ലാം ചര്‍ച്ചയാകുന്നതിനൊപ്പം മറ്റൊരു താരവും കഥാപാത്രവും കൂടിയാണ് ഹിന്ദി സിനിമാപ്രേമികളുടെ മനസ് കീഴടക്കിയിരിക്കുന്നത്. ജഗദീഷും അദ്ദേഹം അവതരിപ്പിച്ച ടോണി ഐസകുമാണ് അത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹംഗാമ എന്ന ഹിന്ദി ചിത്രത്തില്‍ കോമഡി വേഷത്തില്‍ ജഗദീഷ് എത്തിയിരുന്നു. പാണ്ടു രാജന്‍ എന്ന വേലക്കാരന്‍ കഥാപാത്രമായിരുന്നു ജഗദീഷിന്റേത്.
2003ലിറങ്ങിയ ഈ ചിത്രം, 'പൂച്ചക്കൊരു മൂക്കുത്തി' എന്ന പ്രിയദര്‍ശന്റെ തന്നെ മലയാളച്ചിത്രത്തിന്റെ റീമേക്കായിരുന്നു.

ഹംഗാമയിലെ ചപ്ര സിംഗ് എന്ന കഥാപാത്രത്തെ പേടിച്ച് മുംബൈ വിട്ടുപോയ പാണ്ടു രാജന്‍ അവിടെ മാഫിയ ബോസായി മാറി എന്നാണ് മാര്‍ക്കോയിലെ ജഗദീഷിനെ ചൂണ്ടിക്കാണിച്ച് വരുന്ന മീമുകളില്‍ പറയുന്നത്. വില്ലന്മാര്‍ ഉണ്ടാവുകയല്ല, ജീവിതസാഹചര്യങ്ങളാണ് അവരെ അങ്ങനെയാക്കി തീര്‍ക്കുന്നത് എന്നു വരെ പല ട്രോളുകളും പടച്ചുവിടുന്നുണ്ട്.

അതേസമയം, തിയേറ്ററുകളില്‍ മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ മികച്ച കളക്ഷനുമായി എല്ലാ ഭാഷകളിലും നിറഞ്ഞ സദസ്സില്‍ 'മാര്‍ക്കോ' കുതിപ്പ് തുടരുകയാണ്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ഉള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 34 ഷോകളില്‍ ആരംഭിച്ച ഹിന്ദി വേര്‍ഷന്‍ രണ്ടാഴ്ചകള്‍ കൊണ്ട് 1327 സ്‌ക്രീനുകളിലായി 3000 ല്‍ അധികം ഷോകളിലേക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് മലയാള സിനിമയെ സംബന്ധിച്ച് ഒരു റെക്കോര്‍ഡ് തന്നെയാണ്.

തുടക്കത്തില്‍ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലായി 34 ഷോകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഷോകള്‍ ചേര്‍ത്തിരിക്കുകയാണ്. ഷോകളുടെയും സ്‌ക്രീനുകളുടെയും വര്‍ദ്ധനവ് ബോക്സ് ഓഫീസ് കളക്ഷനിലും വലിയ രീതിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. 'ബാഹുബലി'ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയന്‍ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയില്‍ എത്തുന്നത്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്. ആ പ്രതീക്ഷ നൂറുശതമാനം ചിത്രം നിറവേറ്റിയിട്ടുണ്ടെന്നാണ് തിയേറ്റര്‍ ടോക്ക്.

Content Highlights:Jagadish's role in Marco movie is connected to his another character in a Hindi film, memes go viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us