ബേസിൽ ജോസഫ്-നസ്രിയ നസീം എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് സൂക്ഷ്മദർശിനി. സിനിമയുടെ ലൊക്കേഷൻ കണ്ടുപിടിക്കാനാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയതെന്ന് പറയുകയാണ് സംവിധായകൻ എം സി ജിതിൻ. എവിടെയെങ്കിലും ചെറുതായി പാളിയാൽ പോലും ചിത്രീകരണം നടക്കില്ലായിരുന്നവെന്നും ഷൂട്ട് നടന്ന പ്രദേശത്തെ നാട്ടുകാരുടെ സഹകരണം കൂടിയാണ് സിനിമയുടെ വിജയം എന്നും ജിതിൻ പറഞ്ഞു. റിപ്പോർട്ടർ ടി വി റൗണ്ട് ടേബിളിലാണ് പ്രതികരണം.
'സൂക്ഷ്മദർശിനിയുടെ ലൊക്കേഷൻ വലിയൊരു ടാസ്ക് തന്നെയായിരുന്നു. എഴുതിവെച്ചതു പോലെ ചെറിയ ബഡ്ജറ്റിൽ ചെയ്യാൻ പറ്റിയ സിനിമയാണ്. പക്ഷെ ആറ് വീട് നമുക്ക് അടുത്തടുത്തായി കിട്ടണം. ആ വീടുകളിലെ ആളുകൾ നമ്മളെ സപ്പോർട്ട് ചെയ്താലേ കാര്യം നടക്കൂ. ഈ വീടുകളിലെല്ലാം ഷൂട്ടുണ്ട്. വ്യത്യസ്തമായിരിക്കണം വീടുകളും. ലൊക്കേഷൻ കിട്ടി കഴിഞ്ഞപ്പോൾ ഞാൻ പ്രൊഡക്ഷനിൽ പറഞ്ഞത് ഒരു ചെറുതായി പാളിയാൽ പോലും പിന്നെ അവിടെ ഷൂട്ട് ചെയ്യാൻ പറ്റില്ല. കാരണം രാവിലെയും രാത്രിയുമായി 40 ദിവസവും ഇവിടെത്തന്നെയാണ്. അതുകൊണ്ട് അവിടെ ഉള്ളവരെ ബുദ്ധിമുട്ടിപ്പിക്കരുത് എന്നാണ് ടീമിൽ ഉള്ളവരോട് നമ്മൾ പറയുന്നത്. പോയാൽ പിന്നെ ഇങ്ങനെ ഒരു സ്ഥലം കിട്ടാനില്ല,'
'പക്ഷെ അവിടെ എത്തിയപ്പോൾ കാര്യങ്ങൾ മാറി. അവിടെത്തെ നാട്ടുകാർ ഭയങ്കര സപ്പോർട്ട് ആയി. എന്നും വൈകിട്ട് ചായയും ചക്ക വറുത്തതും കൊണ്ട് തരും. ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല, ഏത് രാത്രിയും ഏത് വീട്ടിലും കയറാം എന്ന രീതിയിൽ സപ്പോർട്ടീവ് ആയിരുന്നു. മനുഷ്യരുടെ സ്നേഹം ആ സിനിമയിൽ കിട്ടിയിട്ടുണ്ട്. സിനിമയുടെ വിജയത്തിനും കാരണം ആ നാട്ടുകാരാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലാതെ ഇങ്ങനെ ഒരു ലൊക്കേഷൻ പോസിബിളല്ല. സെറ്റ് ഇടാം എന്നതേ പിന്നെ നിവർത്തിയുള്ളൂ,' എം സി ജിതിൻ പറഞ്ഞു.
അതേസമയം, സൂക്ഷ്മദർശിനിക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. നാല് വർഷങ്ങൾക്കിപ്പുറമാണ് നസ്രിയയുടേതായി ഒരു മലയാളം സിനിമ തിയേറ്ററുകളിലെത്തുന്നത്. ജനുവരി ആദ്യ പകുതിയിൽ ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടെ ചിത്രത്തിന്റെ എച്ച് ഡി പ്രിന്റ് സോഷ്യൽ മീഡിയയിൽ ലീക്കായിരുന്നു. എന്നാലും സിനിമയുടെ കളക്ഷനെ ഇത് ബാധിച്ചിരുന്നില്ല. 50 കോടി ക്ലബ്ബിൽ ചിത്രം ഇടം നോടിയിരുന്നു.
Content Highlights: M C Jithin about sookshma darshini movie