തമിഴ്നാട്ടിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിൽ ഒരുങ്ങിയ ഗോട്ട്. ഇരട്ട വേഷത്തിൽ വിജയ് എത്തിയ ചിത്രത്തിൽ സ്നേഹയും, മീനാക്ഷി ചൗധരിയുമായിരുന്നു നായികമാരായത്. ഗോട്ട് സിനിമയ്ക്ക് ശേഷം തനിക്ക് ലഭിച്ച ട്രോളുകൾ നിരവധിയായിരുന്നുവെന്നും ഡിപ്രഷനിലേക്ക് വരെ എത്തിയിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മീനാക്ഷി ചൗധരി. തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
'ഗോട്ട് സിനിമയ്ക്ക് ശേഷം കുറേ പേർ എന്റെ കഥാപാത്രത്തെ ട്രോളി. എനിക്ക് ഒരുപാട് വിഷമം തോന്നി. ഒരാഴ്ച്ചയോളം ഞാൻ ഡിപ്രഷനിൽ ആയിരുന്നു. എന്നാൽ ലക്കി ഭാസ്‍കർ ചിത്രം എനിക്ക് അതിലേറെ പ്രശംസ നേടി തന്നു. ഇനി മുതൽ നല്ല സിനിമകൾ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അപ്പോഴാണ് മനസ്സിലായത്,' മീനാക്ഷി ചൗധരി പറഞ്ഞു.
"After acting in #Goat, I was trolled by so many people that I went into depression for a week. But with #LuckyBhaskar, I received a lot of appreciation, and that’s when I realized I need to focus on doing good movies from now on"
— ÉAGLÉ (@EuphoricEagle19) January 5, 2025
-Meenakshi Chaudhary in a recent interview 😭😂 pic.twitter.com/N5vnRVmKKi
ഗോട്ടിൽ വിജയ്‌യുടെ മകന്റെ സുഹൃത്തായാണ് മീനാക്ഷി ചൗധരി എത്തിയിരുന്നത്. ഡീ-ഏജിംഗ് ടെക്നോളോജിലൂടെ ചെറുപ്പമായ വിജയ്ക്കും ചിത്രത്തിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ റെക്കോർഡ് കളക്ഷൻ ആയിരുന്നു ചിത്രത്തിനെങ്കിലും കേരളത്തിൽ പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. അതേസമയം, ദുൽഖർ സൽമാൻ നായകനായി വെങ്കി അറ്റ്‌ലൂരി സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു ലക്കി ഭാസ്കർ. ഒരിടവേളയ്ക്ക് ശേഷമുള്ള ദുൽഖർ സൽമാന്റെ ഹിറ്റ് ചിത്രം കൂടിയായിരുന്നു ഇത്. ഇതിൽ ദുൽഖറിന്റെ ഭാര്യ സുമതിയുടെ വേഷമാണ് മീനാക്ഷി ചെയ്തിരുന്നത്. പാൻ ഇന്ത്യൻ വിജയം ചിത്രം സ്വന്തമാക്കിയപ്പോൾ മീനാക്ഷിയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
Content Highlights: Actress Meenakshi Chaudhary says that Vijay's film Aadu caused depression