കഴിഞ്ഞ ദിവസം മദഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ നടൻ വിശാൽ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പല വിധത്തിലുള്ള സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ വിശാലിന്റെ ആരോഗ്യസ്ഥിതിക്ക് പിന്നിലുള്ള കാരണം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. നടന് കടുത്ത പനി ആണെന്നും ബെഡ് റസ്റ്റ് ആവശ്യമാണെന്നുമുള്ള ഡോക്ടറിന്റെ കുറിപ്പാണ് ഇപ്പോൾ സംശയങ്ങൾക്ക് വിരാമമിട്ടിരിക്കുന്നത്.
സിനിമയുടെ പ്രീ റിലീസ് ചടങ്ങിലേക്ക് അസ്സിസ്റ്റന്റിന്റെ സഹായത്തോടെയാണ് വിശാലെത്തിയത്. നടന്റെ ശരീരം തീരെ മെലിഞ്ഞിരിക്കുന്നു, മാത്രമല്ല പ്രസംഗിക്കുന്നതിനിടയിൽ പലയാവർത്തി നാക്ക് കുഴയുകയും മൈക്ക് പിടിക്കുമ്പോൾ കൈകൾ വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അതേസമയം 12 വർഷത്തിന് ശേഷമാണ് മദഗജരാജ തിയേറ്ററുകളിലേക്ക് എത്തുന്നത്. 2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദഗജരാജ. സുന്ദർ സിയുടെ സംവിധാനത്തിലായിരുന്നു ചിത്രം ഒരുങ്ങിയത്. സിനിമയുടേതായി ഒരു ട്രെയ്ലറും ഗാനവും പുറത്തുവിട്ടിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. ഇപ്പോൾ ഒരു വ്യാഴവട്ടത്തിനുശേഷം പൊങ്കൽ റിലീസായാണ് ചിത്രമെത്തുന്നതും.
Actor #Vishal was looking haggard and tired at yesterday’s #MadhaGadhaRaja pre-release event. Now his doctor has clarified that the actor is having viral fever and is advised to undergo treatment & complete bed rest. pic.twitter.com/fiTcfw72vO
— Sreedhar Pillai (@sri50) January 6, 2025
അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിവണ്ണൻ, സുബ്ബരാജു, നിതിൻ സത്യ, ജോൺ കൊക്കൻ, രാജേന്ദ്രൻ, മനോബാല തുടങ്ങി നിരവധി അഭിനേതാക്കളും മദഗജരാജയിൽ ഭാഗമാണ്. കൂടാതെ, ആര്യയും സദയും ചിത്രത്തിൽ കാമിയോ വേഷങ്ങളിലെത്തുന്നുണ്ട്. വിജയ് ആന്റണിയാണ് സംഗീത സംവിധാനം. ചിത്രത്തിനായി വിശാൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. വിശാൽ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സർക്യൂട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
Content Highlights: End of speculations Vishal down with high fever doctor advised bed rest