വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നയൻതാര വീണ്ടും നിയമക്കുരുക്കിൽ. അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നടിക്കും നെറ്റ്ഫ്ലിസ്കിനും നോട്ടീസ് അയച്ചതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖിയിലെ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയെന്ന് ആരോപിച്ചാണ് ശിവാജി പ്രൊഡക്ഷൻസ് നോട്ടീസ് അയച്ചിരിക്കുന്നത്.
രജനികാന്ത് നായകനായ ചിത്രമാണ് ചന്ദ്രമുഖി. സിനിമയിൽ താരത്തിന്റെ ജോഡിയായാണ് നയൻതാര അഭിനയിച്ചത്. ഈ ചിത്രത്തിന്‍റെ അണിയറ ദൃശ്യങ്ങളും നയൻതാരയുടെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു.
നേരത്തെ നാനും റൗഡി താൻ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകര്‍പ്പവകാശ ലംഘനത്തിന് ധനുഷിന്റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ധനുഷിനെതിരേ നയന്‍താര പോസ്റ്റിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. വിഷയത്തിൽ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തിയിരുന്നു. ഇതിന് പിന്നാലെ നവംബര്‍ 18ന് ഡോക്യുമെന്‍ററി റീലീസ് ചെയ്തു. നാനും റൗഡി താൻ സിനിമയുടെ അണിയറദൃശ്യങ്ങളും ഉൾപ്പെടുത്തിയായിരുന്നു ഡോക്യുമെന്ററി പുറത്തിറങ്ങിയത്. ഇത് നിര്‍മാതാക്കളുടെ പരിധിയില്‍ വരുന്നതല്ലെന്നും തങ്ങളുടെ ഫോണുകളില്‍ പകര്‍ത്തിയതാണെന്നുമാണ് നയന്‍താരയുടെ വാദം.
Content Highlights: Legal Troubles For Nayanthara From Chandramukhi Producers