ഷങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗെയിം ചേഞ്ചർ ഈ മാസം റിലീസിന് ഒരുങ്ങുകയാണ്. ആഗോള തലത്തിൽ വമ്പൻ റിലീസിന് പദ്ധതിയിടുന്ന സിനിമയ്ക്കും ഷങ്കറിനുമെതിരെ ലൈക്ക പ്രൊഡക്ഷൻസ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതി നൽകിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ഗെയിം ചേഞ്ചറിന്റെ റിലീസ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് നിർമാണ കമ്പനി പരാതി നൽകിയിരിക്കുന്നത്.
കമൽ ഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 3 എന്ന സിനിമ നിർമിക്കുന്നത് ലൈക്കയാണ്. ഈ ചിത്രത്തിന്റെ വർക്കുകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഗെയിം ചേഞ്ചർ റിലീസ് ചെയ്യാൻ അനുമതി നൽകാവൂ എന്ന് ലൈക്ക ആവശ്യപ്പെട്ടതായാണ് തെലുഗു 360 റിപ്പോർട്ട് ചെയ്യുന്നത്.
ജനുവരി പത്തിന് സംക്രാന്തിയോട് അനുബന്ധിച്ചാണ് ഗെയിം ചേഞ്ചർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഗെയിം ചേഞ്ചര്‍ റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ് ആയിരുന്നു.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം, വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകൾ ഉണ്ട്. കിയാര അദ്വാനി, എസ് ജെ സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Content Highlights: Lyca approaches Tamil Film Producers Council to stop release of Game Changer