നടൻ ഷെയ്ൻ നിഗം നായകനാകുന്ന ആദ്യ തമിഴ് സിനിമയാണ് മദ്രാസ്‌ക്കാരൻ. ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് വാലി മോഹൻ ദാസ് ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു പക്കാ ആക്ഷൻ റിവഞ്ച് ത്രില്ലർ ആണ് മദ്രാസ്‌ക്കാരൻ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിൽ കലൈയരസനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷെയ്ൻ നിഗത്തിന്റെയും കലൈയരസന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള പകയും അതിനെ തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
ചിത്രം പൊങ്കൽ റിലീസായി ജനുവരി 10 ന് തിയേറ്ററുകളിലെത്തും. എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. കലൈയരസൻ, നിഹാരിക കൊണ്ടിനെല, ഐശ്വര്യ ദത്ത, കരുണാസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. രംഗോലി എന്ന ചിത്രത്തിന് ശേഷം വാലി മോഹൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദ്രാസ്‌ക്കാരൻ. എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷ് നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. സുന്ദരമൂർത്തി സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസന്ന എസ് കുമാർ നിർവ്വഹിക്കുന്നു.
ആർഡിഎക്സ് എന്ന ഹിറ്റ് സിനിമക്ക് ശേഷം സാം സിഎസ്സും ഷെയ്ൻ നിഗവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മദ്രാസ്ക്കാരൻ. ചെന്നൈ, മധുരൈ, കൊച്ചി എന്നിവിടങ്ങളിലായി ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്. 'ആർ ഡി എക്‌സി'ന്റ വൻ വിജയത്തിന് ശേഷം വീണ്ടും ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ ഷെയ്ൻ എത്തുമ്പോൾ പ്രതീക്ഷകളെറേയാണ്.
Content Highlights: Madraskaaran trailer starring Shane Nigam out now