രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 400 മുതൽ 500 കോടി വരെയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ എസ്ജെ സൂര്യ. ഒരുപാട് എഫർട്ട് എടുത്താണ് ദിൽ രാജു സാർ ഈ സിനിമ ചെയ്തിരിക്കുന്നത്. സിനിമയിലെ പാട്ടുകളൊക്കെ ബ്രഹ്മാണ്ഡമായിട്ടാണ് എടുത്തിരിക്കുന്നതെന്നും എസ്ജെ സൂര്യ പറഞ്ഞു. സിനിമയിലെ 'ജരുഗണ്ടി' എന്ന ഗാനം ഏറ്റവും മികച്ചതായി ആണ് ഷങ്കർ ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരു തവണ സിനിമ കണ്ടിട്ട് ആ പാട്ട് വീണ്ടും കാണാനായി പ്രേക്ഷകർ ഐമാക്സിലേക്ക് പോകുമെന്നും എസ്ജെ സൂര്യ ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'സിനിമയിൽ 'ജരുഗണ്ടി' എന്നൊരു ഗാനമുണ്ട്. നിർഭാഗ്യവശാൽ അത് എങ്ങനെയോ ലീക്ക് ആയി. അതുകൊണ്ട് ആ ഗാനത്തിലെ ട്രംപ് കാർഡ് പുറത്തുവിടാതെ വെറുതെ ഒരു ലിറിക്ക് വീഡിയോ മാത്രം പുറത്തിറക്കി. ഞാൻ ഇന്നലെ ആ പാട്ട് കണ്ടു. പ്രേക്ഷകർ സിനിമയ്ക്കായി നൽകുന്ന പൈസ ആ പാട്ടുകൊണ്ട് തന്നെ മുതലാകും. ഒരു തവണ സിനിമ കണ്ടിട്ട് ആ പാട്ട് വീണ്ടും കാണാനായി പ്രേക്ഷകർ ഐമാക്സിലേക്ക് പോകും. ആ പാട്ടിൽ രാംചരണും കിയാരാ അദ്വാനിയും വളരെ ഹാൻഡ്‌സം ആയിട്ടാണ് കാണപ്പെടുന്നത്', എസ്ജെ സൂര്യ പറഞ്ഞു.
കേരളത്തിൽ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ് ആയിരുന്നു. ഗെയിം ചേഞ്ചറിന്റെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. രാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം, വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകൾ ഉണ്ട്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സിനിമയിലെ ഗാനങ്ങൾ ഇതിനോടകം പുറത്തുവന്നിരുന്നു. അഞ്ച് ഗാനങ്ങളാണ് ഗെയിം ചേഞ്ചറിലുള്ളത്. ഈ ഗാനങ്ങൾ ഷൂട്ട് ചെയ്യാനായി ഷങ്കർ ചെലവാക്കിയത് 92 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിലെ നാനാ ഹൈറാനാ എന്ന ഗാനം ചിത്രീകരിക്കാനാണ് ഏറ്റവും കൂടുതൽ തുക ചെലവായത്. 17.6 കോടിയാണ് ഈ ഗാനത്തിനായി മാത്രം ഷങ്കർ ചെലവാക്കിയത്. രാം ചരണിന് ദേശീയ പുരസ്കാരം ലഭിക്കുമെന്നാണ് സിനിമ കണ്ടതിന് ശേഷം സംവിധായകൻ സുകുമാർ പറഞ്ഞത്. കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Content Highlights: Game changer is made on a budget of 500 crores says SJ Suriya