ഷങ്കർ സംവിധാനം ചെയ്ത് രാംചരൺ നായകനായി എത്തുന്ന ഗെയിം ചേഞ്ചറിന്റെ പ്രീ റിലീസ് ഇവന്റിൽ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ച് സിനിമയുടെ അണിയറപ്രവർത്തകർ. നായകൻ രാംചരണും നിർമാതാവായ ദിൽ രാജുവും അഞ്ച് ലക്ഷം രൂപ വീതമാണ് സഹായം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസമാണ് ഗെയിം ചേഞ്ചറിന്റെ പ്രീ റിലീസ് ഇവന്റ് നടന്നത്. ഡെപ്യൂട്ടി മുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ ആയിരുന്നു ചടങ്ങിൽ അതിഥിയായി എത്തിയത്. രാജമുണ്ട്രിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് രണ്ട് ചെറുപ്പക്കാരും വാഹനാപകടത്തിൽ മരിച്ചത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇരുവരെയും പെദ്ദാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാക്കിനാഡ ജില്ലക്കാരാണ് മരിച്ച യുവാക്കൾ. 'ഈ ദാരുണമായ അപകടത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. ഇത്തരം ഇവെന്റുകൾക്ക് ശേഷം ആരാധകർ സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങണമെന്നാണ് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്, ഈ സംഭവം എൻ്റെ ഹൃദയം തകർത്തു. ഞങ്ങൾ മരിച്ചവരുടെ കുടുംബത്തോടൊപ്പം നിൽക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യും', രാംചരൺ പ്രതികരിച്ചു.
അല്ലു അർജുൻ ചിത്രമായ പുഷ്പ 2 വിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന സെലിബ്രിറ്റി ഷോയ്ക്കിടെ യുവതി മരിച്ച സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഡിസംബർ നാലിന് പുഷ്പ 2-ൻ്റെ അല്ലു അർജുൻ പങ്കെടുത്ത ബെനിഫിറ്റ് ഷോയ്ക്കിടെ സന്ധ്യ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടൻ അല്ലു അർജുനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തിരുന്നു. അറസ്റ്റിലായ നടന്‍ ഒരു ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു പുറത്തിറങ്ങിയത്.
Content Highlights: Game changer teams offered 10 lakhs to the youngsters family