മമ്മൂട്ടിയും മോഹൻലാലും തമിഴ് കണക്ഷൻ നിലനിർത്തുന്നവർ, വർഷത്തിൽ ഒരു മലയാള സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു: തൃഷ

'ഐഡന്റിറ്റി എന്ന സിനിമയ്ക്ക് തമിഴ്‌നാട്ടിൽ മികച്ച പ്രതികരണം ലഭിക്കുന്നതിലും സ്ക്രീൻ കൗണ്ട് കൂട്ടിയതിലും സന്തോഷമുണ്ട്'

dot image

2025 ൽ റിലീസായ ആദ്യ മലയാള സിനിമയാണ് ഐഡന്റിറ്റി. ടൊവിനോ തോമസും തൃഷയും കേന്ദ്രകഥാപാത്രങ്ങളായ ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രം തമിഴ്നാട്ടിലും തിയേറ്ററുകളിൽ ആളെ നിറയ്ക്കുന്നുണ്ട്. തമിഴും മലയാളവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വ്യവസായങ്ങളാണെന്നും മോഹൻലാലും മമ്മൂട്ടിയുമെല്ലാം തമിഴ് കണക്ഷൻ എപ്പോഴും സൂക്ഷിക്കുന്നവരാണെന്നും പറയുകയാണ് നടി തൃഷ. വർഷത്തിൽ ഒരു മലയാള സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും നടി പറഞ്ഞു. ഐഡന്റിറ്റി സിനിമയുടെ ഭാഗമായി തമിഴിൽ നടന്ന പ്രൊമോഷൻ പരിപാടിയിലാണ് നടിയുടെ പ്രതികരണം.

'എനിക്ക് മലയാളം സിനിമയോട് ബഹുമാനം ഉണ്ട്. ഏത് മലയാള സിനിമയായാലും അതിൽ എന്തെങ്കിലുമൊരു വ്യത്യസ്തത ഉണ്ടാകും. മാത്രമല്ല മലയാള സിനിമയിൽ നിറയെ സ്കോപ് ഉണ്ട്. ജൂഡിൽ അഭിനയിക്കുമ്പോൾ ഒരു വർഷം ഒരു മലയാള സിനിമ എങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചിരുന്നു. അഖിൽ സിനിമയുടെ കഥ പറയാൻ വന്നപ്പോൾ 20 മിനിറ്റ് കേട്ടപ്പോൾ തന്നെ ഈ സിനിമയുടെ ഭാഗമാകണമെന്ന് തീരുമാനിക്കുകയായിരുന്നു. ടൊവിനോ കേരളത്തിലെ ലക്കി സ്റ്റാർ ആണ്. അദ്ദേഹം തിരഞ്ഞടുക്കുന്ന സിനിമകൾ വ്യത്യസ്തമാണ്.

ചിത്രീകരണത്തിനിടെ രസമുള്ള മുഹൂർത്തങ്ങൾ നിറയെ ഉണ്ടായിരുന്നെങ്കിലും സംവിധായകനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് മനസിൽ വേണ്ടത് കിട്ടും വരെ ഷൂട്ട് ചെയ്തിരുന്നു. അതാണ് എനിക്ക് കൂടുതൽ ഇഷ്ടമായതും. മലയാള സിനിമയിൽ സ്ക്രിപ്റ്റും, ടെക്നിക്കൽ സൈഡും സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്ന രീതിയുമെല്ലാം വ്യത്യസ്തമാണ്. എല്ലാത്തിനും പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കുന്നത്. ഐഡന്റിറ്റി എന്ന സിനിമയ്ക്ക് തമിഴ്‌നാട്ടിൽ മികച്ച പ്രതികരണം ലഭിക്കുന്നതിലും സ്ക്രീൻ കൗണ്ട് കൂട്ടിയതിലും സന്തോഷമുണ്ട്.

തമിഴും മലയാളവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വ്യവസായങ്ങളാണ്. നിവിൻ പോളി, മോഹൻലാൽ, മമ്മൂട്ടി ഇവർ എല്ലാം ഒരു തമിഴ് കണക്ഷൻ എപ്പോഴും സൂക്ഷിക്കുന്നവരാണ്. ഏത് മലയാളം സ്റ്റാറിനോട് ചോദിച്ചാലും അവരെല്ലാം തമിഴ് സിനിമകൾ കാണുന്നവരായിരിക്കും, ഇവിടെ ഉള്ളവരും മലയാള സിനിമകൾ കാണാറുണ്ട്. രണ്ടിലെയും അഭിനേതാക്കൾക്ക് പരസ്പരം വലിയ ബഹുമാനമാണ്,' തൃഷ പറഞ്ഞു.

അതേസമയം, തമിഴ് നാട്ടിൽ അമ്പതോളം എക്സ്ട്രാ സ്‌ക്രീനുകളാണ് ചിത്രത്തിന് കൂട്ടിയിരിക്കുന്നത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

Content Highlights: Trisha about malayalam industry and Identity movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us