അന്ന് കോമഡി, ഇന്ന് മാർക്കോയിൽ നെഗറ്റീവ് റോൾ, ഹിന്ദി പ്രേക്ഷകര്‍ രണ്ടും സ്വീകരിച്ചു; ജഗദീഷ് റിപ്പോർട്ടറിനോട്

ജഗദീഷ് അവതരിപ്പിച്ച മാര്‍ക്കോയിലെ ടോണി ഐസക്കും ഹങ്കാമയിലെ പാണ്ഡുവുമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

dot image

മികച്ച പ്രതികരണങ്ങളുമായി ഉത്തരേന്ത്യന്‍ തിയേറ്ററുകളില്‍ വലിയ മുന്നേറ്റം നടത്തുകയാണ് ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോ. ഉണ്ണി മുകുന്ദന്റെ പ്രകടനം ചര്‍ച്ചയാകുന്നതിനൊപ്പം മറ്റൊരു താരവും കഥാപാത്രവും കൂടി ഹിന്ദി സിനിമാപ്രേമികളുടെ മനസ് കീഴടക്കുന്നുണ്ട്. ജഗദീഷും അദ്ദേഹം അവതരിപ്പിച്ച ടോണി ഐസകുമാണ് നോർത്തിൽ ട്രെൻഡിങ് ആകുന്നത്. ഹങ്കാമ എന്ന പ്രിയദർശൻ സിനിമയിൽ ജഗദീഷ് അവതരിപ്പിച്ച പാണ്ഡു എന്ന കഥാപാത്രത്തെ കൂടി ചേര്‍ത്തുവെച്ചുകൊണ്ടാണ് സോഷ്യല്‍‌ മീഡിയാ ചര്‍ച്ചകള്‍. തന്‍റെ രണ്ട് കഥാപാത്രങ്ങള്‍ക്കും ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ച് റിപ്പോര്‍ട്ടര്‍ ലെെവിനോട് പ്രതികരിക്കുകയാണ് ജഗദീഷ്.

മുൻപ് ഹങ്കാമയിൽ പാണ്ഡു എന്ന ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കോമഡിക്ക് നല്ല സ്വീകാര്യത കിട്ടിയിരുന്നു. വർഷങ്ങൾക്ക് ശേഷം വളരെ നെഗറ്റീവ് ആയ കഥാപാത്രം ചെയ്ത് പ്രേക്ഷകരെ സമീപിക്കുമ്പോൾ അതിനും വലിയ റെസ്പോൺസ് കിട്ടുന്നു എന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും റിപ്പോർട്ടിനോട് ജഗദീഷ് പറഞ്ഞു.

'മാർക്കോ നോർത്തിലും വലിയ ഹിറ്റായി മാറിയെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഹങ്കാമ എന്ന സിനിമയിൽ പ്രിയദർശൻ നല്ലൊരു വേഷം എനിക്ക് തന്നു. മലയാളത്തിൽ 'പൂച്ചക്കൊരു മൂക്കുത്തി' എന്ന സിനിമയിൽ ജഗതി ചേട്ടൻ ചെയ്ത വേഷമാണ് ഹിന്ദിയിൽ ഞാൻ കൈകാര്യം ചെയ്തത്. പരേഷ് രാവൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജോലിക്കാരൻ ആയിരുന്നു പാണ്ഡു എന്ന ഞാൻ അവതരിപ്പിച്ച കഥാപാത്രം. അന്ന് ആ കഥാപാത്രം നല്ല രീതിയിൽ നോർത്തിൽ സ്വീകരിക്കപ്പെട്ടു. മലയാളികൾക്കൊക്കെ മാർക്കോയുടെ വിജയത്തിൽ അഭിമാനിക്കാം', ജഗദീഷ് പറഞ്ഞു.

ഹങ്കാമയിലെ ചപ്ര സിംഗ് എന്ന കഥാപാത്രത്തെ പേടിച്ച് മുംബൈ വിട്ടുപോയ പാണ്ഡു രാജന്‍ അവിടെ മാഫിയ ബോസായി മാറി എന്നാണ് മാര്‍ക്കോയിലെ ജഗദീഷിനെ ചൂണ്ടിക്കാണിച്ച് വരുന്ന മീമുകളില്‍ പറയുന്നത്. വില്ലന്മാര്‍ ഉണ്ടാവുകയല്ല, ജീവിതസാഹചര്യങ്ങളാണ് അവരെ അങ്ങനെയാക്കി തീര്‍ക്കുന്നത് എന്നു വരെ പല ട്രോളുകളും പടച്ചുവിടുന്നുണ്ട്.

ആഗോളതലത്തില്‍ നൂറ് കോടി തിളക്കവുമായി മുന്നേറുന്ന മാര്‍ക്കോയുടെ തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉണ്ണി മുകുന്ദനും ജഗദീഷിനുമൊപ്പം സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്.

Content Highlights: Jagadish talks about Marco and the acceptance of his role in north

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us