ഈ ഇൻഡസ്ട്രിയിൽ നീ ആരാണ്, എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്: ശിവകാർത്തികേയൻ

'ചില ആളുകൾ നമ്മളെ സ്വാ​ഗതം ചെയ്യുന്നവരാണ്. ഒരു സാധാരണക്കാരനായ ഒരാൾ മുകളിലേക്ക് വരുന്നതിനെ അവർ അംഗീകരിക്കാറുണ്ട്. പക്ഷേ ചില ആളുകൾ അതിൽ തൃപ്തരല്ല'

dot image

കഴിഞ്ഞു പോയ 5 വർഷങ്ങൾ തനിക്ക് വളരെ പ്രയാസമേറിയതായിരുന്നു എന്ന് നടൻ ശിവകാർത്തികേയൻ. ഒരു സാധാരണക്കാരൻ ഉയർന്നു വരുന്നതിനോട് ഇൻഡസ്ട്രിയിൽ പല ആളുകൾക്കും എതിർപ്പുണ്ട്. കുറെ ആളുകൾ അത് തന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്. അവന് എന്തിനാണ് ഇതെല്ലാം കൊടുക്കുന്നത്, ഇതെല്ലാം നേടാൻ അവൻ ആരാണ്? എന്നാണ് അവരുടെ പെരുമാറ്റമെന്നും ശിവകാർത്തികേയൻ പറഞ്ഞു. എന്നാൽ തന്റെ വിജയം അവർക്കുള്ള മറുപടിയല്ലെന്നും അത് തന്റെ ആരാധകർക്കും നിർമ്മാതാക്കൾക്കും പ്രേക്ഷകർക്കും അവകാശപ്പെട്ടതാണെന്നും ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ശിവകാർത്തികേയൻ പറഞ്ഞു.

എനിക്ക് സാലറി കിട്ടുന്നുണ്ടോ ഇല്ലയോ എന്നതല്ല ജോലി കൃത്യമായി ചെയ്യുക എന്ന ബോധ്യത്തോടെയാണ് ഞാൻ മുന്നോട്ടു പോയത്. മറ്റു ഇൻഡസ്ട്രികളെക്കുറിച്ച് എനിക്ക് അറിയില്ല. പക്ഷെ ഇവിടുത്തെ ഇൻഡസ്ട്രിയിലെ ചില ആളുകൾ നമ്മളെ സ്വാ​ഗതം ചെയ്യുന്നവരാണ്. ഒരു സാധാരണക്കാരനായ ഒരാൾ മുകളിലേക്ക് വരുന്നതിനെ അവർ അംഗീകരിക്കാറുണ്ട്. പക്ഷേ ചില ആളുകൾ അതിൽ തൃപ്തരല്ല. അവന് എന്തിനാണ് ഇതെല്ലാം കൊടുക്കുന്നത്, ഇതെല്ലാം നേടാൻ അവൻ ആരാണ്? ഇത്തരത്തിലാണ് അവർ ചിന്തിക്കുന്നത്. കുറേയധികം ആളുകൾ ഇതെല്ലാം എന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്. ഈ ഇൻഡസ്ട്രിയിൽ നീ ആരാണ്, നീ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന്.

ഒരുപാട് തവണ ഞാൻ ഇതെല്ലാം നേരിട്ടിട്ടുണ്ട്. ഞാൻ അതിന് മറുപടി പറയാറില്ല. അവർ എന്താണോ പറയുന്നത് അത് ഞാൻ കേട്ടിട്ട് പോകും. ആരോടും ഒന്നിനെക്കുറിച്ചും ഞാൻ മറുപടി പറയാറില്ല. കാരണം ഞാൻ ഇവിടെ വന്നിരിക്കുന്നത് ആർക്കും മറുപടി കൊടുക്കാനോ ഉത്തരം പറയാനോ വേണ്ടിയല്ല. എന്റെ വിജയമാണ് അവർക്കുള്ള മറുപടി എന്നു പോലും ഞാൻ പറയില്ല. എന്റെ വിജയം അതിന് വേണ്ടിയുള്ളതല്ല. എന്റെ വിജയം 100 ശതമാനം എനിക്ക് വേണ്ടി പ്രവർത്തിക്കുന്ന എന്റെ ടീമിനും എന്റെ സിനിമയുടെ റിസൾട്ട് എന്താണെങ്കിലും എന്നെ ആഘോഷിക്കുന്ന എന്റെ ആരാധകർക്കും, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകർക്കും വേണ്ടിയുള്ളതാണ്. അവർക്ക് വേണ്ടിയാണ് എന്റെ വിജയം. എന്നെ വെറുക്കുന്നവരുടെ അടുത്ത് നിന്ന് ചിരിച്ചു കൊണ്ട് മാറി നിൽക്കുക എന്നത് മാത്രമേ ഞാൻ അവരോട് ചെയ്യാറുള്ളൂ. അത് മാത്രമാണ് അതിനുള്ള വഴി', ശിവകാർത്തികേയൻ പറഞ്ഞു.

രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ശിവകാർത്തികേയൻ ചിത്രം. മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥയെ ആസ്പദമാക്കി എടുത്ത ചിത്രം മികച്ച അഭിപ്രായങ്ങളാണ് നേടിയത്. ബോക്സ് ഓഫീസിലും സിനിമയ്ക്ക് വലിയ ചലനമുണ്ടാക്കാൻ സാധിച്ചു. 300 കോടിയാണ് സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണത്. സായ് പല്ലവി ആണ് സിനിമയിൽ നായികയായി എത്തിയത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ആയിരുന്നു ചിത്രം നിർമിച്ചത്.

Content Highlights: Sivakarthikeyan talks about the struggles he faced in industry

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us