നോളൻ ഫാൻസ്‌ കാത്തിരുന്ന അപ്ഡേറ്റ് ഇതാ... ; 'ഇന്റെർസ്റ്റെല്ലാർ' ഇന്ത്യൻ റീ റിലീസ് അപ്ഡേറ്റ് പുറത്ത്

10 ദിവസത്തെ റീ-റിലീസ് കാലയളവിൽ, ആഗോളതലത്തില്‍ ഇൻ്റർസ്റ്റെല്ലാർ 10.8 മില്യൺ ഡോളറാണ് നേടിയത്

dot image

വ്യത്യസ്തമായ കഥപറച്ചിലിലൂടെയും സംവിധാന മികവിലൂടെയും ലോകസിനിമാപ്രേമികളെ കൈയിലെടുത്ത സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ഓരോ നോളൻ സിനിമയ്ക്കും വലിയ ആരാധകരാണുള്ളത്. ഏറെ പ്രേക്ഷകപ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായിരുന്നു 'ഇന്റെർസ്റ്റെല്ലാർ'. 2014ല്‍ ഒരു സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമയ്ക്ക് ഇന്നും ഏറെ സ്വീകാര്യതയുണ്ട്.

സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ ചിത്രം വീണ്ടും ഐമാക്സിൽ റീ റിലീസിനെത്തിയിരുന്നു. മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് സിനിമക്ക് റീ റിലീസിലും ലഭിച്ചത്. ഇപ്പോഴിതാ എല്ലാവരും കാത്തിരുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ റീ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

ഫെബ്രുവരി 7 ന് ഇന്ത്യയിലൊട്ടാകെയുള്ള ഐമാക്സ് സ്‌ക്രീനുകളിൽ ഇന്റെർസ്റ്റെല്ലാർ വീണ്ടുമെത്തും. സിനിമയുടെ നിർമാതാക്കളായ വാർണർ ബ്രോസ് തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

ഇതിന് മുൻപും 'ഇന്റെർസ്റ്റെല്ലാർ' തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. 165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഇപ്പോഴത്തെ റീറിലീസിലും, പത്ത് ദിവസത്തിനുള്ളില്‍ ഇൻ്റർസ്റ്റെല്ലാർ 10.8 മില്യൺ ഡോളറാണ് നേടിയത്. ഇതോടെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ റീ-റിലീസായി ഇന്റെർസ്റ്റെല്ലാർ മാറി.

നേരത്തെ അല്ലു അർജുൻ സിനിമയായ പുഷ്പ 2 കാരണമാണ് ഇന്റെർസ്റ്റെല്ലാറിന് ഇന്ത്യയിൽ റീ റിലീസ് നിഷേധിച്ചതെന്ന് വാർത്തകളുണ്ടായിരുന്നു. ഇന്‍റര്‍സ്റ്റെല്ലാർ ഇന്ത്യയിൽ റിലീസ് ചെയ്യാത്തതിൽ ആരാധകർ നിരാശ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിൽ നേരത്തെ ചിത്രം ജനുവരിയിൽ റീ റിലീസ് ചെയ്യുമെന്നാണ് വാർത്തകൾ പുറത്തുവന്നത്.

Content Highlights: Interstellar indian re release on february 7th

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us