ആഷിഖ് അബു സംവിധാനം ചെയ്ത 'റൈഫിൾ ക്ലബ്ബ്' എന്ന സിനിമയിലെ 'നായാട്ട് പ്രാർത്ഥന' എന്ന ഗാനം പുറത്തിറങ്ങി. തീർത്തും വന്യമായ താളവും വരികളും ആലാപനവുമായാണ് 'ചാവുകടലേ…കുരുതി കളമേ…' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് റെക്സ് വിജയൻ ഈണം നൽകിയിരിക്കുന്ന ഗാനം റെക്സ് വിജയനും നേഹ എസ് നായരും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ വിജയകരമായ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. നൂറിലധികം സ്ക്രീനുകളിലാണ് ഇപ്പോഴും ചിത്രം പ്രദർശനം തുടരുന്നത്.
ശ്രീ ഗോകുലം മൂവീസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് റൈഫിൾ ക്ലബിന് ലഭിച്ചത്. റൈഫിൾ ക്ലബ്ബിലൂടെ, ഒരിക്കൽകൂടി തന്നിലെ സംവിധായക മികവ് അരക്കിട്ട് ഉറപ്പിച്ചുകൊണ്ട് അടയാളപ്പെടുത്തിയിരിക്കുകയാണ് ആഷിഖ് അബു എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞിരിക്കുന്നത്.
സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ മുൻനിർത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് ചിത്രം. ഉഗ്രൻ വേട്ടക്കാരായ ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക്, ഗൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനും വേട്ടക്കാരുടെ ജീവിതം അടുത്തറിയാനുമായി റൊമാന്‍റിക് ഹീറോ ഷാജഹാൻ എത്തുന്നതും തുടർന്നുള്ള അപ്രതീക്ഷിതമായ ചില സംഭവങ്ങളുമായി സംഭവബഹുലമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റൈഫിൾ ക്ലബ്ബിലെ അംഗങ്ങളുടെ കൂട്ടായ്മയുടെയും ചെറുത്തുനിൽപ്പിന്‍റേയുമൊക്കെ കഥ പറയുന്ന സിനിമയിൽ സൗഹൃദം, സാഹോദര്യം അതൊക്കെ പ്രേക്ഷകർക്കും ആത്മാവിൽ തൊടും വിധത്തിൽ അനുഭവവേദ്യമാവുന്ന രീതിയിലാണ് മേക്കിങ്. ഒരുപറ്റം അഭിനേതാക്കളുടെ മികവാർന്ന പ്രകടനമാണ് സിനിമയുടെ പ്ലസ്. വിജയരാഘവനും ദിലീഷ് പോത്തനും വാണി വിശ്വനാഥും ദർശന രാജേന്ദ്രനും ഉണ്ണിമായ പ്രസാദും സുരഭി ലക്ഷ്മിയും സുരേഷ് കൃഷ്ണയും വിഷ്ണു അഗസ്ത്യയുമെല്ലാം ശക്തമായ വേഷങ്ങളിലുണ്ട്. അതോടൊപ്പം അനുരാഗ് കശ്യപ്, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ് എന്നിവരാണ് ചിത്രത്തിൽ ശ്രദ്ധ നേടുന്ന മറ്റു അഭിനേതാക്കൾ.
Content Highlights: Rifle Club movie Nayattu Prarthana song out